നിര്‍മ്മിത ബുദ്ധി ലോകമെമ്പാടും സാഹിത്യത്തില്ക്കയറി വിരാജിക്കുമ്പോള്‍ നമ്മുടെ മലയാളത്തിലെ ചില എഴുത്തുകാര്‍ കുറേക്കൂടി വളഞ്ഞ വഴിതേടുകയാണെന്ന് വേണം കരുതാന്‍. അങ്ങാടി വാണിഭത്തില്‍ നോവലിനാണ് പ്രിയം എന്നാണല്ലോ ഒരു ധാരണപ്പിശകുള്ളത്. എന്നാല്‍ ഭക്ഷണം, യാത്ര, ഓര്‍മ്മ, അനുഭവം എന്നിവയോടുള്ള വായനാകൗതുകം ഇന്ന് നോവല്‍-കഥ വിഭാഗങ്ങളോടില്ലെന്ന് ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ കത്തിക്കയറിയ രണ്ട് എഴുത്തുകാരികളുടെ അന്യോന്യചോരണ വിവാദത്തില്‍ വെളിപ്പെട്ടു. കാലാകാലങ്ങളായി നോവല്ചോരണം ഉപജീവനമാക്കിയ ഒരു വിഭാഗം മുഖ്യ അവാര്‍ഡുകളെല്ലാം കരസ്ഥമാക്കുന്നു. കച്ചവടം പൊടിപൊടിക്കുന്നു. മേമ്പൊടിയായി വിവാദവും വിതറിക്കൊടുക്കുന്നു. ഏറ്റവും പുതിയ വിവാദ നോവലുകള്‍ പ്രസാധക നിലവറകളില്‍ പൊടിപൊടിക്കുന്നുവത്രെ. നിര്‍മ്മിത ബുദ്ധികൊണ്ട് കവിതയെഴുതി രണ്ടു പ്രമുഖ പത്രാധിപര്മാര്ക്ക് അയച്ചുകൊടുത്ത് സ്വയം പരീക്ഷണ വസ്തുവായി ചമഞ്ഞ മറ്റൊരു പ്രമുഖ പത്രാധിപരായ സുഭാഷ് ചന്ദ്രന് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. കവിത കവിയില്‍നിന്നും വരുന്നില്ലാതായിട്ട് കാലംകുറെയായി. കവിതയെന്ന ലേബല്‍ മാത്രമേ രചനകളില്‍ ഉണ്ടാവൂ. ഇപ്പോഴിതാ നിര്‍മ്മിത ബുദ്ധികൂടി ചേര്‍ന്ന് പണി എളുപ്പമാക്കിയിരിക്കുന്നു. ഇനി കവികളെ ആവശ്യമില്ല (അവര്‍ക്ക് വിശ്രമിക്കാം!). പത്രമാഫീസില്‍ ഒരു യന്ത്രമേ വരേണ്ടതുള്ളൂ. പണ്ട് നോവല്‍ ഫാക്ടറി തുടങ്ങി തകഴിയേയും എം.ടിയേയുമൊക്കെ കനത്ത ശമ്പളം നല്കി നിയമിക്കുമെന്നും അവരെഴുതുന്ന പൊട്ടക്കൃതികള് കത്തിച്ചുകളഞ്ഞ് മലയാള സാഹിത്യത്തില്‍ ഗുണനിലവാരം നിലനിര്‍ത്തുമെന്നും പറഞ്ഞ എം.പി. നാരായണപിള്ളയെ ഓര്‍ത്തുപോകുന്നു. (മാതൃ. ആഴ്ച. ജൂണ്‍ 14).
കിനാവെഴുത്തിന്റെ കഥനമുദ്രകള്‍
ഒ.വി. വിജയനും മുകുന്ദനുമെല്ലാം തങ്ങളുടെ പ്രകൃഷ്ടകൃതികളില് ഒരു പരിചിതദേശത്തെ അപരിചിതവല്ക്കരിച്ചപ്പോള് ഒരാന്തരിക സ്ഥലരാശി എന്നു പറയാവുന്ന ഒന്നിനെ ഭാവനാ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു സേതുവെന്ന് സജയ് കെ.വി. പാണ്ഡവപുരത്തിലെ ദേവിയുടേയും അവളുടെ ഭാവനകളില്‍ ഉയിര്‍ക്കൊണ്ട ജാരന് എന്ന അമേയ രൂപിയായ കഥാപാത്രത്തിലൂടെയും മികവുറ്റ നോവല്‍ സ്വരൂപം കൈവന്നു. ദാമ്പത്യമെന്ന ഇടുക്കത്തോടും പാതിവ്രത്യമെന്ന യാന്ത്രികതയോടെയുള്ള ഒരുവളുടെ അബോധാഭിലാഷങ്ങളുടെ കലാപമായിരുന്നു അത്. യാഥാര്‍ത്ഥ്യത്തിന്റെ ഖരത്വത്തില് സ്വപ്ന സന്നിവേശം ചെയ്ത് ഫാന്റസിയുടെ ദ്രവപ്രായമായ കല്പനാ ലോകങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരന്റെ ആത്മമുദ്രപതിഞ്ഞ ഒരു ശീര്‍ഷകമായിരുന്നു 'പേടിസ്വപ്നങ്ങള്‍' എന്നും സജയ് കെ.വി.
കാവു വിജ്ഞാനകോശം
കേരളത്തിലെ കാവുകളെക്കുറിച്ച് സമഗ്രമായൊരു വിജ്ഞാനകോശത്തിന്റെ പണിപ്പുരയിലാണ് ഡോ. റ്റി.ആര്. ജയകുമാരി. വൃക്ഷങ്ങള്‍, മത്സ്യങ്ങള്‍, ജലാശയങ്ങള്‍, കണ്ടലുകള്‍, വിഷരഹിതവിളകള്, പാമ്പുകള്‍, പശ്ചിമഘട്ട സസ്യങ്ങള്‍ എന്നിങ്ങനെ നീളുകയാണ് ഈ പരിസ്ഥിതി ശാസ്ത്രജ്ഞയുടെ കൃതികളെന്ന് കെ.എസ്. അരവിന്ദ്. (കേരള കൗമുദി, ജൂണ്‍. 5).
കാരാട്ടിന്റെ വായന
പി. ഗോവിന്ദപ്പിള്ള, എം. കൃഷ്ണന്‍നായര്‍ തുടങ്ങിയ വായനയെ ജീവിതവ്രതമാക്കിയവര്ക്കൊപ്പമാണ് പ്രകാശ് കാരാട്ടും. മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലെങ്കിലും അങ്ങിനെ ഒന്നുണ്ടെങ്കില്‍ അവിടേക്ക് തന്റെ പുസ്തകങ്ങള്‍കൂടി എത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രകാശ് കാരാട്ട്. ഒരു പുസ്തകം വായിക്കുന്ന വ്യക്തിയെ സ്പര്‍ശിക്കുകയും മാറ്റുകയും ചെയ്യുമ്പോഴാണല്ലോ വായന സഫലമാകുന്നത്. ഒ.വി. വിജയന്, സി.ജെ. തോമസ്, എം. ഗോവിന്ദന്, എം.എന്‍. വിജയന്, കെ.പി. അപ്പന് തുടങ്ങിയവരൊക്കെ വായന സന്ദേഹികളാക്കിയിട്ടുണ്ട്. കമഴ്ത്തിവച്ച കുടത്തിന് മുകളിലെ ജലപാതംപോലെയാണ് വായനയെങ്കില്‍ അത് നിഷ്ഫലമെന്നേ പറയാനാവൂ. ആദ്യം പറഞ്ഞ മൂന്നുപേരും ഇതിന് മികച്ച ഉദാഹരണങ്ങള്‍തന്നെ.
രാഷ്ട്രീയക്കാരന്റെ
തൊഴില്‍
ചൈന സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും ചൈനീസ് നേതാക്കളുമായുള്ള കൂടിച്ചേരലില്‍ സ്വയം പരിചയപ്പെടുത്തല്‍ നടക്കുന്നു. കര്‍ഷകനാണ്, മന്ത്രിയുമാണ്. എഞ്ചിനീയറാണ് ജനപ്രതിനിധിയുമാണ്. തയ്യല്‍ക്കാരനാണ് പാര്‍ട്ടി ഭാരവാഹിയാണ്. ചൈനക്കാര്‍ പറഞ്ഞു. ഇന്ത്യാക്കാരുടെ ഊഴമായി. മന്ത്രിയാണ്, വേറെ പണിയൊന്നുമില്ല. പാര്‍ട്ടി സെക്രട്ടറിയാണ്, മണ്ഡലം പ്രസിഡന്റാണ്-അതുതന്നെ പണി. കേസില്ല. വക്കീലന്മാരുടെ ഒരു പ്രധാന അഭയകേന്ദ്രംകൂടിയാണ് രാഷ്ട്രീയം. ഒരു തൊഴിലും ചെയ്യാതെ ജനസേവനം എന്ന് പറഞ്ഞിറങ്ങി കോടീശ്വരന്മാരാകുന്നതില് വലിയ ശരികേടുണ്ട്. ഈയിടെ മൂവാറ്റുപുഴ എം.എല്‍.എ. അഡ്വ. മാത്യു കുഴല്‍നാടന്റെ വാക്കുകള്‍ കേരളം കാതോര്ത്തതുകൊണ്ടാണ്. തന്റെ തൊഴില്‍ അഭിഭാഷകവൃത്തിയാണെന്നും മറ്റുനിലകളില്‍ കിട്ടുന്ന വരുമാനം എടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ശ്രീജിത്ത് പണിക്കരെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. 'വനിത'യുടെ ഓണപ്പതിപ്പിനായി ഞങ്ങള്‍ കുടുംബസമേതം ഇടുക്കി കോഴിമലയിലെ മന്നാമാരുടെ രാജാവ് തേവന് രാജമന്നാനെ സന്ദര്‍ശിച്ചതോര്‍ക്കുന്നു. അവിടെ വീട്ടില്‍ അദ്ദേഹം പെട്ടെന്ന് ഒരു മന്ത്രിസഭായോഗം വിളിച്ചു. മന്ത്രിമാര്‍ പണിയിടങ്ങളില്‍നിന്നും അതേ വേഷത്തില്‍ വന്നു. എല്ലാവരും തൊഴിലാളികള്‍. മന്ത്രിപ്പണി സേവനം മാത്രം. ഉച്ചയൂണിന് കപ്പയും ചേമ്പുമൊക്കെ പുഴുങ്ങി സല്ക്കരിച്ചു! ഇത്തരം രാജാക്കന്മാര് ഇന്നും നമ്മുടെയിടയില്‍ ഉണ്ട്!
ആട്ടിടയന്മാരെ
ആവശ്യമുണ്ട്
ചങ്ങമ്പുഴയുടെ കാലത്ത് ഇടപ്പള്ളിയിലോ പരിസരത്തോ ആട്ടിടയന്മാരുടെ തസ്തിക ഉണ്ടാകാനിടയില്ലെന്ന് ജോസ് പനച്ചിപ്പുറം. സ്വന്തം പുരയിടത്തിലോ സമീപത്തെ ആടിനെ തീറ്റുന്നവരെ ഇടയനെന്നു പറയാറുമില്ല. ബഷീറിന്റെ പാത്തുമ്മയുടെ ആടിലും ഇടയനില്ല. എന്നിട്ടും കാനനഛായയിലാടുമേക്കാനാണ് ചങ്ങമ്പുഴ കൊണ്ടുപോയത്. ഭാവനാ ലോകത്തിലേകനായി പോവുക എന്നാണ് കാമുകി പറഞ്ഞത്. ഇപ്പോള്‍ ചൈനയില്‍ ഇടയന്മാര്ക്ക് മാര്ക്കറ്റുണ്ടായിരിക്കുന്നു. അവിടത്തെ ഒരു ഫാമിലേക്ക് രണ്ട് ഇടയന്മാരുടെ ജോലിക്ക് അപേക്ഷ വിളിച്ചു. 700-ലധികം അപേക്ഷകള്‍ കിട്ടി. ബിരുദക്കാരും മറ്റു യോഗ്യതയുള്ളവരും അവര്‍ക്കിടയിലുണ്ട്. പുതിയകാല ജോലികളുടെ ആത്മസംഘര്‍ഷങ്ങള്‍ ഇട്ടെറിഞ്ഞ് ആട്ടിടയനാവാന്‍ യുവാക്കള്‍ കൊതിക്കുന്നുവോ എന്ന് പനച്ചി.
താന്ത്രികതയുടെ
മാന്ത്രികത
താന്ത്രികദര്ശനംവഴി മനുഷ്യന്റെ ബോധമണ്ഡലത്തെ പ്രപഞ്ചം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ പാകത്തിന് യോഗസാധനയിലൂടെ വാര്‍ത്തെടുത്ത വേദക്രമങ്ങള്ക്കും ക്ഷേത്രദര്ശനത്തിന യോഗത്തിനും കഴിഞ്ഞതുകൊണ്ടാണ് അധിനിവേശങ്ങളെ മന്ദീഭവിപ്പിക്കാനായതെന്ന് ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ്്. ശ്രീധരന്‍പിള്ള. കല്‍ക്കത്താ ഹൈക്കോടതി ജഡ്ജി ആയിരുന്ന സര്. ജോണ്‍ വുഡ് റൂഫ് തന്റെ തന്ത്രശാസ്ത്ര കൃതികളിലൂടെ ഇത് സ്ഥാപിച്ചിട്ടുണ്ട്. തന്ത്രവിദ്യ അന്ധവിശ്വാസവും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്തതുമാണെന്നും പ്രചരിപ്പിക്കപ്പെട്ട പാശ്ചാത്യ ലോകത്ത് അദ്ദേഹത്തിന്റെ സര്‍ഗാത്മകമായ വന്‍ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. തന്ത്രവിദ്യാപീഠ സ്ഥാപനമുള്പ്പെടെയുള്ള കര്‍മ്മ പദ്ധതികള്‍ക്ക് നേതൃത്വം നല്കിയ മാധവ്ജിയെ അനുസ്മരിച്ചുകൊണ്ട് ശ്രീധരന്‍പിള്ള (മാതൃ. മെയ്. 31).
മരണവീട്ടിലും
സൈബര്‍ ആക്രമണം
അനുവാദം കൂടാതെ ഔചിത്യം തീരെ ഗൗനിക്കാതെ മരണശയ്യയിലും മരണവീട്ടിലും കടന്നുകയറി അതിക്രഗം നടത്തുന്ന സൈബര്‍ ഗുണ്ടകള്‍ സലിംകുമാറിനേയും വെറുതെ വിടില്ല. തിരഞ്ഞെടുപ്പുകാലത്ത് സലിംകുമാര്‍ നടത്തിയ പ്രസംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ചില മാരക പ്രയോഗങ്ങള്‍. യു.ഡി.എഫ്. വന്നിട്ടും രക്ഷിക്കാനായില്ല; രോഗം വേഗം വരേണ്ടതായിരുന്നു. മരണം ആശംസിക്കുന്നു എന്നിങ്ങനെ പോകുന്നു വാക്കുകൊണ്ടുള്ള വെട്ടുകളെന്ന് എം.എന്‍. കാരശേരി. വാളുകൊണ്ടു വെട്ടിനേക്കാള് ഉണങ്ങാത്ത മുറിവ് വാക്കുകൊണ്ടുണ്ടാക്കാം. സലീംകുമാറിന്റെ മരണാനന്തരച്ചടങ്ങുകള്‍ പോലും സ്വസ്ഥമായി നിര്‍വഹിക്കാന്‍ റീലുകാര് സമ്മതിച്ചില്ല.
പുതുതായമ്പക
തുടക്കം മുതല്‍ ഗാംഭീര്യത്തില്‍ കൊട്ടണം. പതിഞ്ഞകാലത്തിനു കൊട്ടിത്തുടങ്ങുന്ന സമ്പ്രദായം ഇപ്പോള്‍ വിലപ്പോവില്ലെന്ന് പുതുതലമുറയിലെ തായമ്പകവാദകന് അതുല്‍ കെ. മാരാര്‍. ഘടനയിലും ശൈലിയിലും വാദനരീതികളിലും ഉല്ലംഘനവും സര്‍ഗാത്മക കലാപവും സൃഷ്ടിച്ച് പുതിയ തായമ്പകക്കാലം പിറവികൊള്ളുന്നതിനെക്കുറിച്ച് ഡോ. എന്‍.പി. വിജയകൃഷ്ണന്. ചെറുതാഴം വിഷ്ണുരാജ്, കക്കാട്ട് അതുല്മാരാര് എന്നിവരുമായി സഫലമായ ഒരു തായമ്പകഭാഷണം.
കഥയുടെ മാന്ത്രികപ്പൂട്ട്
എം.പി. നാരായണപിള്ളയുടെ കഥകളിലെ മാന്ത്രികതയും നിഷ്ഠകളും പണിപ്പുര വിശേഷങ്ങളും അനാവരണം ചെയ്യുകയാണ് എം.ജി. രാധാകൃഷ്ണന്. കഥാലോകം അപൂര്‍വതകള്‍ നിറഞ്ഞതാണ്. ജോര്‍ജ് ആറാമന്റെ കോടതി, മുരുകനെന്ന പാമ്പാട്ടി, മിച്ചമേതാവത് ഇരുന്താല്‍ തുടങ്ങിയ കഥകള്‍ എഴുതാനെടുത്ത സമയം, സ്ഥലം, പശ്ചാത്തലം എന്നിവയും ഇവിടെ നിരീക്ഷിക്കപ്പെടുന്നുണ്ട്. ജാതിയും രാഷ്ട്രീയവും പ്രാദേശികതയും തണലൊരുക്കാത്ത എഴുത്തുകാരുടെ സ്മൃതികുടീരങ്ങള്‍ അവരുടെ കൃതികള്തന്നെയെന്ന് നാരായണപിള്ളയും താക്കീതു ചെയ്തുകൊണ്ടേയിരിക്കുന്നു. (പ്രഭാതരശ്മി-മെയ്).
കാശിയുടെ
കാലഭൈരവന്
കാശിയുടെ കാവല്ക്കാരന് കാലഭൈരവന്. വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപം. അനിശ്ചിതത്വത്തിന്റെ നടുവില്‍ നില്ക്കുന്ന സത്യമായ കാലത്തിന്റെ പ്രതിരൂപം. കാലത്തിന്റെ ഈശ്വരന്. കാശിയില്‍ കാലം നിശ്ചലമാണ്. വാരണാസിയില്‍ തീര്‍ത്ഥാടകര്‍ ആദ്യം കാണുന്നത് ക്ഷേത്രങ്ങളോ ഘാട്ടുകളോ അല്ല, കാലസ്പര്ശനംതന്നെയെന്ന് പ്രീതി നായര്‍. (ജന്മഭൂമി ജൂണ്‍.6).
ഭൂമി ഒരു പന്തിനു ചുറ്റും
വട്ടമേശപോലെ ഫുട്ബോള്‍ കോര്‍ട്ട്. ചുറ്റും കൂടുന്ന എല്ലാവരും തുല്യര്‍. ഞങ്ങള്‍ മാത്രം എന്നു ആതിഥേയ പ്രത്യായശാസ്ത്രത്തിന്റെ മുന്നില്‍ നമ്മളെല്ലാം എന്ന സങ്കല്പം സഡന്‍ഡത്ത് കാത്തുനില്ക്കുന്ന ഗോളിയായി മാറുന്നുവെന്ന് ഹരിലാല്‍ രാജഗോപാല്‍. വ്യത്യസ്ത ജനതയെ അവരുടെ വൈജാത്യങ്ങളെ ഫുട്ബോള്‍ എന്ന ഒരു ഗോളത്തിനു ചുറ്റും ഇടകലരാന്‍ പണിപ്പെട്ട ആശയം പക്ഷേ പ്രതിരോധത്തില്പ്പെടുകയാണെന്നും ഹരിലാല്‍.




