
പൂനെ: ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ അതിഭീകരമായ ആസൂത്രണങ്ങളുടെ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തുന്നതിന് മുൻപ് ഇന്റർനെറ്റിൽ എങ്ങനെ ഒരാളെ കൊല്ലാം എന്ന് ഇരുവരും ചേർന്ന് തിരഞ്ഞിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മാത്രമല്ല, കൊലപാതകത്തിന് ശേഷം പോലീസിന്റെ ചോദ്യം ചെയ്യലുകളെ എങ്ങനെ നേരിടണം എന്നതിനായി മറുപടികൾ മുൻകൂട്ടി തയ്യാറാക്കി ഇവർ പരിശീലിക്കുകയും ചെയ്തിരുന്നു.
സിനിമകളെപ്പോലും വെല്ലുന്ന രീതിയിലാണ് പ്രതികൾ കൊലപാതകം പ്ലാൻ ചെയ്തത്. പിടിക്കപ്പെടാതിരിക്കാൻ വേഷംമാറി കോട്ടയിലെത്താനും, തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഫോണിലെ ചാറ്റ് ഹിസ്റ്ററികളും റീസൈക്കിൾ ബിന്നുകളും പൂർണ്ണമായും മായ്ക്കാനും ഇവർ ശ്രദ്ധിച്ചിരുന്നു. ഡിലീറ്റ് ചെയ്ത ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഇവരുടെ മൊബൈൽ ഫോണുകൾ ഇപ്പോൾ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നവംബറിൽ ജയ്പൂരിലെ കൊട്ടാരത്തിൽ വെച്ച് നടക്കാനിരുന്ന 17 കോടി രൂപയുടെ അതിഗംഭീരമായ ആഡംബര വിവാഹത്തിന് തൊട്ടുമുൻപാണ് കേതൻ ക്രൂരമായി കൊല്ലപ്പെടുന്നത്.
കൃത്യം നടത്തുന്നതിന് തൊട്ടുമുൻപ് സിയയും കാമുകനും കോട്ട സന്ദർശിച്ച് കൊലപാതകം എങ്ങനെ ചെയ്യണമെന്ന് കൃത്യമായി 'റിഹേഴ്സൽ' നടത്തിയിരുന്നു. ജൂൺ 14-ന് നടത്തിയ ആദ്യത്തെ വധശ്രമത്തിൽ നിന്ന് കേതൻ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അന്ന് കോട്ടയിലെത്തിച്ച കേതനെ സിയ താഴ്വരയിലേക്ക് തള്ളിയിട്ടെങ്കിലും മലയിടുക്കിലെ ഒരു ചെടിയിൽ പിടിച്ച് അദ്ദേഹം ജീവൻ നിലനിർത്തുകയായിരുന്നു. ഈ സമയം സംഭവം അവിചാരിതമായി സംഭവിച്ചതാണെന്ന് വരുത്തിതീർക്കാൻ പാമ്പിനെ കണ്ടെന്ന് വ്യാജമായി നിലവിളിച്ച് സിയ കേതനെ കെട്ടിപ്പിടിച്ച് നാടകം കളിച്ചു.
എന്നാൽ കേതന്റെ മരണം അവൾ കുറിച്ചതായിരുന്നു. അവിടെയും നിർത്താതെ ജൂൺ 18-ന് വീണ്ടും കേതനെ സിയ കോട്ടയിലെത്തിച്ചു. ഇത്തവണ കാമുകനായ ചേതനെയും കൂടെക്കൂട്ടി ഇരുവരും ചേർന്ന് പിന്നിൽ നിന്ന് തള്ളി താഴേക്ക് വീഴ്ത്തി മരണം ഉറപ്പാക്കുകയായിരുന്നു.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൂനെ റൂറൽ പോലീസ് പ്രതികളായ സിയയെയും ചേതനെയും ലോഹഗഡ് കോട്ടയിലെത്തിച്ച് കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്കരിച്ചു. പ്രതികൾ സഞ്ചരിച്ച വഴി, തള്ളിയിട്ട സ്ഥലം എന്നിവയെല്ലാം പോലീസ് രേഖപ്പെടുത്തി. അതേസമയം, ജൂൺ 18-ന് കോട്ട സന്ദർശിച്ചവരിൽ ആരെങ്കിലും ഈ സംഭവത്തിന് സാക്ഷികളായിട്ടുണ്ടെങ്കിൽ പോലീസിനെ സമീപിക്കാൻ ഭയപ്പെടരുതെന്നും, തന്റെ മകന് നീതി ലഭിക്കാൻ മുന്നോട്ട് വരണമെന്നും കേതന്റെ പിതാവ് വിശാൽ അഗർവാൾ കണ്ണീരോടെ അഭ്യർത്ഥിച്ചു.






