
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്യുന്നു എന്ന് മേയർ വി.വി രാജേഷ്. എന്നാൽ, പ്രതിപക്ഷ അനൈക്യം രൂക്ഷമായതോടെ പ്രമേയത്തിന്റെ അവതരണം അനിശ്ചിതത്വത്തിലായി. യുഡിഎഫ് കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണയ്ക്കില്ല എന്ന് എൽഡിഎഫ് വ്യക്തമാക്കി.
കാപ്പ കേസ് പ്രതി കൗൺസിലറായി തുടരുന്ന സാഹചര്യത്തിൽ എൽഡിഎഫ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ, യുഡിഫ് സമര രംഗത്ത് ഇല്ലായിരുന്നു എന്നും പെട്ടെന്ന് ഒരു അവിശ്വാസ പ്രമേയവുമായി വന്നാൽ പിന്തുണയ്ക്കേണ്ട കാര്യമില്ല എന്നുമാണ് എൽഡിഎഫ് നിലപാട്. പിന്തുണ നൽകുന്ന കാര്യം നയപരമാണെന്നും അത് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത് ആണെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് വ്യക്തമാക്കി. അതേസമയം, സിപിഎമ്മിന് ഗുണ്ടായിസത്തിൽ മാത്രമാണ് താല്പര്യമെന്നും ബിജെപിയെ തുറന്നു കാട്ടാൻ താല്പര്യമില്ല എന്നും കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ പറഞ്ഞു. ഇത് ബിജെപിയുമായുള്ള ധാരണ മൂലം ആണെന്നും അതിന് തെളിവുകൾ ഉണ്ടെന്നും ശബരീനാഥൻ ആരോപിച്ചു.
അവിശ്വാസം കൊണ്ടുവരണമെങ്കിൽ ആകെ അംഗങ്ങളുടെ മൂന്നിലൊന്ന് (34 പേർ) പ്രമേയ നോട്ടീസിൽ ഒപ്പിടണം. 20 അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനോ, 29 അംഗങ്ങളുള്ള എൽഡിഎഫിനോ തനിയെ നോട്ടീസ് നൽകാൻ കഴിയില്ല. അതിനാൽ, നോട്ടീസ് നൽകാൻ പോലും ആകാത്ത അവസ്ഥയിലാണിപ്പോൾ. പ്രമേയം കൗൺസിലിൽ ചർച്ചയ്ക്ക് എടുക്കണമെങ്കിൽ പകുതിയിലധികം അംഗങ്ങൾ (കുറഞ്ഞത് 51 പേർ) ഹാജരാകണം. ഭരണകക്ഷി വിട്ടു നിന്നാൽ അത് സാധ്യമാവില്ല. ഒരു സ്വതന്ത്രൻ ഉൾപ്പെടെ ബിജെപിക്ക് 51 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. എന്നാൽ, കൗൺസിലർ സുഗതൻ ജയിലിൽ ആയതോടെ ഭൂരിപക്ഷം 50 ആയി ചുരുങ്ങി.






