
തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. ഞായറാഴ്ച പുലർച്ചെ നടന്ന സുപ്രഭാത സേവയിൽ പങ്കെടുത്ത അദ്ദേഹം, ദർശനത്തിന് ശേഷം പരമ്പരാഗത ആചാരപ്രകാരം തലമുണ്ഡനം ചെയ്ത് വഴിപാട് സമർപ്പിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനന്ത് അംബാനിയുടെ നീണ്ട മുടി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്നായിരുന്നു.
ദർശനത്തിന് ശേഷം ക്ഷേത്ര സമുച്ചയത്തിലെ രംഗനായകുല മണ്ഡപത്തിൽ വേദപണ്ഡിതന്മാർ അനന്ത് അംബാനിക്ക് 'വേദാശീർവചനം' നൽകി അനുഗ്രഹിച്ചു. ക്ഷേത്ര അധികൃതർ ശ്രീവാരി തീർത്ഥപ്രസാദവും പൊന്നാടയും നൽകി അദ്ദേഹത്തെ ആദരിച്ചു.
അതേസമയം, സന്ദർശനത്തിനിടെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) റിലയൻസ് ഇൻഡസ്ട്രീസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യുമെന്ന് അനന്ത് അംബാനി പ്രഖ്യാപിച്ചു. ബസുകൾ വാങ്ങുന്നതിനായി ഏകദേശം 27.5 കോടി രൂപ ചെലവഴിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ, ബസുകൾ സർവീസ് നടത്തുന്നതിനാവശ്യമായ 50 ഡ്രൈവർമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും റിലയൻസ് വഹിക്കുമെന്നും വ്യക്തമാക്കി. തിരുമലയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിനും കമ്പനി പിന്തുണ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകൃഷ്ണ ഭക്തനായ അനന്ത് അംബാനി മുൻപും നിരവധി പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിവാഹത്തിന് മുന്നോടിയായി അദ്ദേഹം ദ്വാരകാധീശ ക്ഷേത്രത്തിലേക്ക് ദീർഘദൂര പദയാത്ര നടത്തിയിരുന്നു. ക്ഷേത്ര സന്ദർശനങ്ങൾക്കൊപ്പം, റിലയൻസിന്റെ പിന്തുണയോടെയുള്ള വനതാര (Vantara) പദ്ധതിയിലൂടെ മൃഗസംരക്ഷണ മേഖലയിലും അദ്ദേഹം സജീവമാണ്.






