
കൊച്ചി: ഓണക്കാലത്ത് രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി സബ്സിഡിയോടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ സർവീസ് ഒരുക്കുന്നു.
ഓഗസ്റ്റ് 20-ന് ആരംഭിക്കുന്ന യാത്ര 11 ദിവസം നീണ്ടുനിൽക്കും. ഡൽഹി, ആഗ്ര, ജയ്പുർ, അമൃത്സർ, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
സ്വകാര്യ മേഖലയിലെ ആദ്യ ഭാരത് ഗൗരവ് സേവനദാതാക്കളായ സൗത്ത് സ്റ്റാർ റെയിൽ, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടൂർ ഓപ്പറേറ്ററായ ടൂർ ടൈംസ് എന്നിവയുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ 33 ശതമാനം സബ്സിഡിയോടെയാണ് യാത്രാ പാക്കേജ് ലഭ്യമാക്കുന്നത്.
യാത്രക്കാർക്കായി പി.എ. സംവിധാനം, പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ, ടൂർ മാനേജർമാർ എന്നിവരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് നിരക്ക്
സ്ലീപ്പർ ക്ലാസ്: ₹28,750
തേർഡ് എ.സി: ₹39,950
സെക്കൻഡ് എ.സി: ₹49,950
ഫസ്റ്റ് എ.സി: ₹58,950
ഇൻഷുറൻസ്, ഹോട്ടൽ താമസം, ഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് എൽ.ടി.സി, എൽ.എഫ്.സി ആനുകൂല്യങ്ങളും ലഭിക്കും.
ബുക്കിങ്ങിനായി 7305 85 85 85 എന്ന ഫോൺ നമ്പറിലോ www.tourtimes.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.






