
തൃശൂര്‍: വിയ്യൂര്‍ ജയിലിന് മുകളിലൂടെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ കണ്ടത് ഡ്രോണ്‍ അല്ല, വിമാനമാണെന്ന് പൊലീസ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നു പറന്ന വിമാനമാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് വിയ്യൂര്‍ ജയിലിനു മുകളിലൂടെ വലിയ ഡ്രോണ്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്തു കണ്ടത്. തുടര്‍ന്ന് പുലര്‍ച്ചെ 3 മണിയോടെയും ഇത് കണ്ടതോടെ വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നിരീക്ഷണം നടത്തി.
വിയ്യൂര്‍ ജയിലിന് മുകളിലൂടെയും പിന്നീട് തൃശൂര്‍ നഗര പ്രദേശത്തുമാണ് ഇത് താഴ്ന്നു പറന്നത്. മുന്‍ ദിവസവും സമാനമായ പാതയിലൂടെ വിമാനം സഞ്ചരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ആര്‍ ദേശ്മുഖ് അറിയിച്ചു.






