
കറാച്ചിയിലെ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ. സ്വന്തം മണ്ണിലെ ഭീകര ശൃംഖലയ്ക്കെതിരെ നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർത്തണമെന്ന് വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താൻ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയോടെ കറാച്ചിയിലെ പാരാമിലിറ്ററി സേനയായ സിന്ധ് റേഞ്ചേഴ്സിന്റെ ആസ്ഥാനത്തിന് നേരെയായിരുന്നു ആക്രമണം. ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റിൽ സ്ഫോടനം നടത്തുകയും സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയും ചെയ്തു. പാക് കാലാവസ്ഥാ വകുപ്പ് ആസ്ഥാനം, പ്രമുഖ സർവകലാശാലകൾ എന്നിവയ്ക്ക് സമീപമുള്ള ഗുലിസ്താൻ-ഇ-ജൗഹർ പ്രദേശത്താണ് സംഭവം നടന്നത്.
ആക്രമണത്തിന് പിന്നാലെ റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്, പൊലീസ് കമാൻഡോകൾ, അർധസൈനിക വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെ വൻ സുരക്ഷാ സന്നാഹം സ്ഥലത്തെത്തി. പ്രദേശത്ത് കർശന സുരക്ഷ തുടരുകയാണ്. ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടതായി സിന്ധ് ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ അറിയിച്ചു. ഭീകരസംഘടനയായ ജമാഅത്തുൽ അഹ്റാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.






