കോട്ടയം: സ്‌റ്റീഫന്‍ കോശി ജേക്കബ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് സമാപനമായി. ആഗോള ടൂര്‍ണമെന്റില്‍ ഏറ്റവും പ്രായം കുറഞ്ഞവരുടെ 30+വിഭാഗങ്ങളില്‍ സ്‌പാര്‍ട്ടന്‍സ് കേരളയും (പുരുഷന്മാര്‍) ഫീനിക്‌സ് ഇന്ത്യ ചെന്നൈയും (വനിതകള്‍) ചാമ്പ്യന്മാരായി. പുരുഷന്മാരുടെ 30+ ഫൈനലില്‍ പ്രൈം ടൈം ബാംഗ്ലൂരിനെ തകര്‍ത്താണ് സ്‌പാര്‍ട്ടന്‍സ് കേരള കിരീടം ചൂടിയത്. വനിതകളുടെ 30+ വിഭാഗത്തില്‍ ചെന്നൈയില്‍ നിന്നുള്ള ഫീനിക്‌സ് ഇന്ത്യ ഏകപക്ഷീയമായ ഫൈനലില്‍ അവര്‍ തെബസ്‌കോയെയാണ് പരാജയപ്പെടുത്തിയത്.
വനിതാ വിഭാഗത്തില്‍ കോര്‍ട്ട് ക്വീന്‍സ് കേരള ഇരട്ടക്കിരീടം നേടി. 35+, 45+ വിഭാഗം ഫൈനലുകളില്‍ ശ്രീലങ്ക മാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചാണ് അവര്‍ ജേതാക്കളായത്. പുരുഷന്മാരുടെ 60+ ഫുള്‍ കോര്‍ട്ട് മത്സരങ്ങള്‍ നാടകീയമായ മൂന്ന് ടീമുകളുടെ ടൈ ബ്രേക്കറിലേക്കാണ് നീങ്ങിയത്. അവസാന മത്സരത്തില്‍ ട്രിപ്പിള്‍ ത്രീ കോട്ടയം 26-17 ന് തെബസ്‌കോ തേവരയെ തോല്‍പ്പിച്ചു. പക്ഷേ പോയിന്റ് വ്യത്യാസത്തിന്റെ അടിസ്‌ഥാനത്തില്‍ തെബസ്‌കോ തേവര ചാമ്പ്യന്മാരായി. 3 ഓണ്‍ 3 ഫോര്‍മാറ്റില്‍ ട്രിപ്പിള്‍ ത്രീ ക്ക് ഇരട്ട സ്വര്‍ണ നേട്ടം. പുരുഷന്മാരുടെ 60+ വിഭാഗത്തില്‍ തെബസ്‌കോ തേവരയെയും 65+ വിഭാഗത്തില്‍ മഹാരാഷ്‌ട്രയിലെ എം.ബി.എ. ബ്ലൂസിനെയും അവര്‍ തോല്‍പ്പിച്ചു.






