
അര്‍ലിങ്‌ടണ്‍: ഫുട്‌ബോളില്‍ അതുല്യ റെക്കോഡുകള്‍ സ്വന്തമാക്കി അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. ലോകകപ്പ് ഗ്രൂപ്പ് ജെയിലെ അവസാന മത്സരത്തില്‍ ജോര്‍ദാനെതിരേ ഗോളടിച്ചതോടെ പിറന്നത് പുതിയ റെക്കോഡ്. ഡാളസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന 3-1 നു ജയിച്ചു.
നിലവിലെ ചാമ്പ്യന്‍മാര്‍ക്കായി മെസിയെ കൂടാതെ ജിയോവാനി ലോ സെല്‍സോ, ലൗട്ടേറോ മാര്‍ട്ടിനസ് എന്നിവരും ഗോളടിച്ചു. ജോര്‍ദാനായി മുസ അല്‍ താമാരിയാണ് ഗോളടിച്ചത്. ലോകകപ്പിലെ ഏഴ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടം 39 വയസുകാരനായ മെസി സ്വന്തമാക്കി. തുടര്‍ച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഗോളടിച്ച ഫ്രാന്‍സിന്റെ ജസ്‌റ്റ് ഫോണ്ടെയ്‌ന്‍ (1958), ബ്രസീലിന്റെ ജെയര്‍സീഞ്ഞോ (1970) എന്നിവരുടെ റെക്കോഡിനെയാണു മെസി പഴങ്കഥയാക്കിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന ജര്‍മനിയുടെ മുന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡ് തകര്‍ത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മെസിയുടെ (19) മറ്റൊരു നേട്ടം.
ഈ ലോകകപ്പില്‍ ഇതുവരെ ആറു ഗോളുകളടിച്ചു. നോക്കൗട്ട് ഉറപ്പാക്കിയതിനാല്‍ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി മെസിയെ പകരക്കാരുടെ ബെഞ്ചിലിരുത്തി. 60-ാം മിനിറ്റിലാണു കളത്തിലിറങ്ങുന്നത്. ഇറങ്ങി 20-ാം മിനിറ്റില്‍ ഡയറക്‌ട് ഫ്രീ കിക്കിലൂടെ വലകുലുക്കി. ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ യസീദ് അബുലൈലയെ കാഴ്‌ചക്കാരനാക്കിയായിരുന്നു പന്ത് വലയില്‍ കടന്നത്. താരത്തിന്റെ കരിയറിലെ 72-ാം ഫ്രീ കിക്ക് ഗോളാണിത്. ഫ്രീ കിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ബ്രസീല്‍ താരം ജൂനിഞ്ഞോ പെര്‍നാമ്പുകാനോയ്‌ക്കൊപ്പം മൂന്നാം സ്‌ഥാനത്തെത്താന്‍ മെസിക്കായി. ഫ്രീ കിക്ക് ഗോളുകളുടെ പട്ടികയില്‍ ബ്രസീലിയന്‍ താരങ്ങളാണു മുന്നില്‍.
78 ഫ്രീകിക്ക് ഗോളുകളടിച്ച മാഴ്‌സെലിനോ കരിയോക്കയാണ് ഒന്നാമന്‍. 75 ഗോളുകളുമായി റോബര്‍ട്ടോ ഡൈനാമിറ്റ രണ്ടാം സ്‌ഥാനത്താണ്. യൂലിയന്‍ അല്‍വാറസിനെയും ലൗട്ടേറോ മാര്‍ട്ടിനസിനെയും മുന്നില്‍ നിര്‍ത്തിയ 4-4-2 ഫോര്‍മേഷനാണു സ്‌കലോണി പരിഗണിച്ചത്. നോക്കൗട്ട് ഉറപ്പാക്കിയതിനാല്‍ മെസിയില്ലാത്ത യുവനിരയെ പരീക്ഷിക്കാനുള്ള അവസരം സ്‌കലോണി പാഴാക്കിയില്ല. 19-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയുടെ ഇടംകാലന്‍ ഫ്രീക്കിക്ക് ജോര്‍ദന്‍ വലയിലേക്ക്. ഈ ലോകകപ്പില്‍ മെസിയല്ലാതെ മറ്റൊരു താരം അര്‍ജന്റീനയ്‌ക്കായി നേടുന്ന ആദ്യ ഗോളായിരുന്നത്. 30-ാം മിനിറ്റില്‍ അര്‍ജന്റീനയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി.
സ്‌പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ച് മാര്‍ട്ടിനെസസ് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റായപ്പോള്‍ ജോര്‍ദാന്റെ മൂസ അല്‍തമാരി അര്‍ജന്റീന പ്രതിരോധത്തെയും ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെയും മറികടന്ന് ഗോളടിച്ചു. അതോടെ സ്‌കലോണി മാര്‍ട്ടിനസിനെ പിന്‍വലിച്ച് മെസിയെ കളത്തിലിറക്കി.
ഡാളസ് സ്‌റ്റേഡിയം മെസിയുടെ കാല്‍ മൈതാനത്തു പതിഞ്ഞതോടെ ആര്‍ത്തു വിളിച്ചു. അവരുടെ കാത്തിരിപ്പിന് 10 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളു. ബോക്‌സിന് തൊട്ടുപുറത്ത് വച്ച് മെസിയെ ജോര്‍ദാന്‍ പ്രതിരോധം ഫൗള്‍ ചെയ്‌തു. റഫറി മടിക്കാതെ ഫ്രീ കിക്കിന് വിരല്‍ ചൂണ്ടി. റഫറിയുടെ വിസില്‍ മുഴങ്ങിയതും മെസിയുടെ ഇടംകാല്‍ പ്രവര്‍ത്തിച്ചു. ഗോള്‍ കീപ്പര്‍ യാസീദ് അബുലൈല കെട്ടിപ്പൊക്കിയ പ്രതിരോധ മതിലിലെ വിടവിലൂടെ പന്ത് നേരെ വലയുടെ മൂലയിലേക്ക്. ഗോള്‍ കീപ്പര്‍ക്ക് പന്ത് കാണാന്‍ മാത്രം കഴിഞ്ഞു.
പ്രീ ക്വാര്‍ട്ടറില്‍ കേപ് വെര്‍ദെയാണ് അര്‍ജന്റീനയുടെ എതിരാളി. മെസി റെക്കോഡ് സൃഷ്‌ടിച്ചപ്പോള്‍ മറ്റൊരു സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും പോര്‍ചുഗലിനും നിരാശയുടെ ദിനമായി. കെ ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ചുഗലിനെ കൊളംബിയ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി. മൂന്ന് കളികളില്‍നിന്ന് ഏഴ് പോയിന്റുള്ള കൊളംബിയ (രണ്ട് ജയവും ഒരു സമനിലയും) ഒന്നാമതായി. പോര്‍ചുഗലിന് അഞ്ച് പോയിന്റുമായി (ഒരു ജയവും രണ്ട് സമനിലയും) രണ്ടാം സ്‌ഥാനത്തു ഫിനിഷ് ചെയ്യേണ്ടി വന്നു. നാല് പോയിന്റുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ് മൂന്നാമത്. കോംഗോ 3-1 ന് ഉസ്‌ബെക്ക്‌സ്‌ഥാനെ തോല്‍പ്പിച്ചിരുന്നു.






