
മയാമി: ഫുട്ബോള്‍ ലോകകപ്പ് കെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കൊളംബിയയോട് ഗോള്‍രഹിത സമനില വഴങ്ങിയത് പോര്‍ചുഗലിന് തിരിച്ചടിയായി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 90 മിനിറ്റ് കളിച്ചിട്ടും പ്രഭാവമുണ്ടാക്കാനായില്ല. ഒരു ഷോട്ട് മാത്രമാണു ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യത്തിലേക്കു പായിക്കാനായത്. പന്തില്‍ 35 തവണ മാത്രമാണു കാല്വച്ചത്്. അവസരങ്ങളോ അസിസ്റ്റുകളോ കുറിക്കാനായില്ല. ഉസ്ബെക്ക്സ്ഥാനെ 5-0 ത്തിനു തോല്‍പ്പിച്ച ആത്മവിശ്വസത്തിലാണ് മയാമി സ്റ്റേഡിയത്തില്‍ റോബര്‍ട്ടോ മാര്‍ട്ടിനസും ശിഷ്യന്മാരും കൊളംബിയയെ നേരിടാനെത്തിയത്്്. ക്രിസ്റ്റ്യാനോയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണ് മാര്‍ട്ടിനസ് ഒരുക്കിയത്. കൊളംബിയന്‍ കോച്ച് നെസ്റ്റര്‍ ലോറന്‍സ് 4-1-2-3 എന്ന അപൂര്‍വ ഫോര്‍മേഷനും ഒരുക്കി.
അദ്ദേഹം ജെഫേഴ്സണ്‍ ലെര്‍മയെ പ്രതിരോധത്തിനും മധ്യനിരയ്ക്കുമിടയില്‍ നിര്‍ത്തി. ഉസ്ബെക്കിനെതിരേ ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോയ്ക്ക് ഈ മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറില്‍ ആദ്യമായാണ് കൊളംബിയയെ നേരിടുന്നത്. 13 വര്‍ഷമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിനെതിരേ ഗോളടിക്കാനായില്ലെന്ന ''ശാപം'' സൂപ്പര്‍ താരത്തെ പിന്തുടരുകയാണ്്. 2013 ല്‍ ഇക്വഡോറിനെതിരേയാണു ക്രിസ്റ്റ്യാനോ അവസാനം ഗോളടിച്ചത്്. ക്രിസ്റ്റ്യാനോ അന്ന് ഗോളടിച്ചെങ്കിലും മത്സരത്തില്‍ പോര്‍ചുഗല്‍ 3-2 നു തോറ്റു. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ കൊളംബിയയും പോര്‍ചുഗലും മികച്ച നീക്കങ്ങള്‍ നടത്തി.
രണ്ടാം പകുതിയില്‍ കൊളംബിയ മികച്ച നീക്കങ്ങള്‍ നടത്തിയപ്പോള്‍ പോര്‍ചുഗല്‍ പ്രതിരോധം ശക്തമാക്കി. ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗലിന്റെ ഞെട്ടിച്ചു കൊണ്ട് കൊളംബിയയുടെ ഡൊമിനിക് സാഞ്ചസ് ഗോളടിച്ചെങ്കിലും റഫറി വാര് പരിശോധിച്ച് ഓഫ് സൈഡ് വിധിച്ചു. പന്തടക്കത്തില്‍ 55 ശതമാനമുണ്ടായിരുന്ന കൊളംബിയയ്ക്കു മത്സരത്തില്‍ നേരിയ മുന്‍തൂക്കമുണ്ടായിരുന്നു. ജുലൈ മൂന്നിന് പുലര്‍ച്ചെ 4.30 നു തുടങ്ങുന്ന പ്രീ ക്വാര്‍ട്ടറില്‍ പോര്‍ചുഗല്‍ ക്ര?യേഷ്യയെ നേരിടും. നാലിന് പുലര്‍ച്ചെ നടക്കുന്ന നോക്കൗട്ടില്‍ കൊളംബിയ ഘാനയെയും നേരിടും. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്ക്ക് ഇംഗ്ലണ്ടാണ് എതിരാളി. ജൂലൈ ഒന്നിന് വൈകിട്ട് 9.30 മുതലാണ് അവരുടെ മത്സരം.





