
നടി മധുബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ കുടുംബചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. തന്റെ പ്രിയപ്പെട്ട കസിനും ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികയുമായ ഹേമമാലിനിക്കൊപ്പമുളള സവിശേഷമായ ഒരു കുടുംബസംഗമത്തിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.
"വളരെ സവിശേഷമായ ഒരു നിമിഷം. കുടുംബം," എന്ന അടിക്കുറിപ്പോടെയാണ് മധുബാല ചിത്രങ്ങൾ പങ്കുവെച്ചത്. സ്വർണ്ണക്കരയുള്ള വെള്ളി-ചാര നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിലുള്ളത്. ഹേമാമാലിനിക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം സന്തോഷം പങ്കിടുന്ന മധുബാലയെ ചിത്രങ്ങളിൽ കാണാം. മറ്റൊരു ചിത്രത്തിൽ ഹേമാമാലിനിയുടെ ഇളയ മകൾ അഹാന ഡിയോളും മധുബാലയ്ക്കൊപ്പമുണ്ട്.
ഹേമമാലിയുടെ അടുത്ത ബന്ധുവാണ് മധുബാല.ടുംബത്തിലെ വിശേഷ ദിവസങ്ങളും ഉത്സവങ്ങളുമെല്ലാം ഇരുവരും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. കഴിഞ്ഞ വർഷം മുംബൈയിലെ പ്രശസ്തമായ ലാൽബാഗ് ചാ രാജ ഗണേശോത്സവ പന്തലിൽ ഈഷ ഡിയോളിനൊപ്പം മധുബാല ദർശനം നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. അന്ന് കാറിൽ നിന്നിറങ്ങി നഗ്നപാദരായി പന്തലിലേക്ക് നടന്നാണ് ഇരുവരും പ്രാർത്ഥന നടത്തിയത്.
1991-ൽ അജയ് ദേവ്ഗണിന്റെ നായകനായി പുറത്തിറങ്ങിയ 'ഫൂൽ ഔർ കാണ്ടേ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് മധുബാല ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മണിരത്നം സംവിധാനം ചെയ്ത 'റോജ' എന്ന ചിത്രത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ താരം ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിനൊപ്പം അഭിനയിച്ച 'യോദ്ധ' എന്ന ചിത്രത്തിലൂടെ മലയാളികൾക്കും മധുബാല പ്രിയങ്കരിയായി മാറി. 'ദിൽജാലെ', 'പെഹചാൻ', 'എലാൻ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിലൂടെ അടുത്തിടെ താരം മലയാളത്തിലേക്ക് ശക്തമായ ഒരു തിരിച്ചുവരവും നടത്തിയിരുന്നു.






