
ന്യൂഡൽഹി: അൽപ്പം ചൂടുവെള്ളമുണ്ടെങ്കിൽ രണ്ട് മിനിറ്റുനുള്ളിൽ ഉണ്ടാക്കി കഴിക്കാൻ സാധിക്കുന്ന മാഗി നൂഡിൽ മിക്കവരുടെയും പ്രിയപ്പെട്ട ‘കംഫർട്ട് ഫുഡ്’ ആയതിൽ തെറ്റൊന്നുമില്ല. എന്നാൽ, അറപ്പുളവാക്കുന്ന ഒരു വാർത്ത ഈ ഇഷ്ട ഭക്ഷണത്തെ പ്രതിക്കൂട്ടിലാക്കുന്നു. മാഗി നൂഡിൽസിൽ പുഴുവിനെ കണ്ടെത്തി എന്ന ആരോപണവുമായി ഇരു ഇൻസ്റ്റ പോസ്റ്റ് മാഗിക്ക് വിനയാവുന്നു. വിഷയത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) കമ്പനിക്ക് നോട്ടീസ് അയച്ചു.
പാകം ചെയ്ത മാഗി നൂഡിൽസിനുള്ളിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
'ലൈഫ് ഓഫ് സർഷാ' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് യുവാവ് ഈ വീഡിയോ പങ്കുവെച്ചത്. നൂഡിൽസ് കഴിക്കാൻ ഫോർക്കിൽ എടുത്തപ്പോഴാണ് അതിൽ പുഴു പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് യുവാവ് പറയുന്നു. "അടുത്ത പാക്കറ്റ് മാഗി പാകം ചെയ്യുന്നതിന് മുൻപ് ദയവായി ഇതൊന്ന് വായിക്കൂ! ഞാൻ ഇപ്പോൾ പൂർണ്ണമായും തരിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിലെ പഠനത്തിനും, പെട്ടെന്നുള്ള വിശപ്പിനും, മടിയുള്ള ഞായറാഴ്ചകൾക്കും ഒക്കെയായി വർഷങ്ങളായി എന്റെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു മാഗി. എന്നാൽ ഇന്നത്തോടെ ആ ശീലം മാറി. കഴിക്കാൻ തുടങ്ങിയപ്പോഴാണ് ഫോർക്കിൽ ആ അഴുക്ക് ജീവിയെ ഞാൻ കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ എന്റെ വയറു മറിഞ്ഞു; നൂഡിൽസിൽ ഒരു പുഴു!" യുവാവ് കുറിച്ചു.
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജന പ്രതിഷേധമാണ് കമ്പനിക്കെതിരെ ഉയരുന്നത്. ഇന്ത്യയിൽ ഭക്ഷണ സുരക്ഷയും ശുചിത്വവും ഒരു തമാശയായി മാറുകയാണെന്ന് പലരും കമന്റ് ചെയ്തു. മാഗി നൂഡിൽസ് പൂർണ്ണമായും ബഹിഷ്കരിക്കാൻ സോഷ്യൽ മീഡിയയിൽ പലരും ആഹ്വാനം ചെയ്യുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മാഗി ഇന്ത്യയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് പ്രതികരണവുമായി രംഗത്തെത്തി. ഉപഭോക്താവിനുണ്ടായ മോശം അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, പ്രശ്നം പരിഹരിക്കാനായി കോൺടാക്ട് നമ്പറും ഇമെയിൽ വിലാസവും ഡയറക്ട് മെസ്സേജ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ കർശന നടപടികൾ ആരംഭിച്ചു. മാഗി നൂഡിൽസിലെ പുഴുവിനെക്കുറിച്ചുള്ള പരാതിയിൽ നെസ്‌ലെ ഇന്ത്യ ലിമിറ്റഡിനോട് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് നെസ്‌ലെ അറിയിച്ചു. എന്നാൽ, പരാതിക്കാരൻ ഉൽപ്പന്നത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് നൽകാൻ വിസമ്മതിച്ചതായും, അതേ ബാച്ചിൽപ്പെട്ട മറ്റ് സാമ്പിളുകൾ സർക്കാർ ലാബിൽ പരിശോധിച്ചപ്പോൾ യാതൊരുവിധ സുരക്ഷാ വീഴ്ചയും കണ്ടെത്തിയിട്ടില്ലെന്നും നെസ്‌ലെ വ്യക്തമാക്കുന്നു.






