
ഇന്ത്യാ സൗദി സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ മഹത്തായ ചരിത്രമുണ്ടെന്നും ഈ ബന്ധം കൂടുതൽ ഊഷ്മളമായി ഊട്ടി ഉറപ്പിക്കുന്നതിൽ സൗദിയിലെ ഇന്ത്യൻ പ്രവാസികൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജിദ്ദയിലെ വിശാലമായ ലയാലി ഓഡിറ്റോറിയത്തിൽ തങ്ങൾക്ക് നൽകിയ സ്വീകണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകൻ്റെ കാലത്ത് തന്നെ ഇന്ത്യയിൽ ഇസ്ലാമിൻ്റെ സന്ദേശമെത്തിയിട്ടുണ്ട് കച്ചവട ആവശ്യത്തിന് ആ കാലത്ത് തന്നെ അറബികൾ നമ്മുടെ നാട്ടിലെത്തിയിട്ടുണ്ട്. അറബ് സംസ്കാരത്തിന് മഹത്തായ മാനുഷിക മൂല്യങ്ങളുണ്ട് അതുകൊണ്ടാണ് അന്നം തേടി വന്ന നമ്മുടെ നാട്ടുകാരെ ഇവർ ചേർത്ത് പിടിക്കുന്നത്. ഇവിടെത്തെ നിയമ വ്യവസ്ഥകളിൽ പോലും മനുഷ്യ പറ്റിൻ്റെ കാരുണ്യം നമുക്ക് ഏറെ അനുഭവിക്കാനായിട്ടുണ്ട്. ഈ രാജ്യത്തെ ഭരണാധികാരികൾ അനുകമ്പയോടെയുള്ള സമീപനമാണ് നമ്മോട് കാണിക്കുന്നത്. ആധുനിക സൗദി അറേബ്യയുടെ നിർമ്മിതിയിൽ വലിയ പങ്ക് വഹിച്ചവരാണ് ഇന്ത്യൻ പ്രവാസികൾ ഇനിയും സൗദിയിലെ നിയമ വ്യവസ്ഥകൾ പാലിച്ച് ഉത്തമ ഇന്ത്യക്കാരായി എല്ലാവരും മുന്നോട്ട് പോവണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു. മലയാളി പ്രവാസികളുടെ എല്ലാ പ്രശ്നങ്ങൾക്കും സർക്കാർ തലത്തിൽ പരിഹാരം കാണാൻ VD സതീശൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും. മുഖ്യമന്ത്രി അത്തരം കാര്യങ്ങൾ ഗൗരവത്തിലാണ് കാണുന്നതെന്നും തങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞു.
കെ.എം.സി.സി യുടെ ന്യൂതന പദ്ധതികളിലും പരിപാടികളിലും സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം ജിദ്ദ KMCC യുടെ കരുത്തുറ്റ സംഘടന സംവിധാനങ്ങളെ പ്രത്യേകം പ്രശംസിച്ചു.
ജിദ്ദ KMCC പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷതവഹിച്ചു. സൗദി കെ. എം. സി.സി പ്രസിഡൻ്റ് കുഞ്ഞിമോൻ കാക്കിയ ഉൽഘാടനം ചെയ്തു. ശറഫുദ്ദീൻ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തി അശ്റഫ് വേങ്ങാട്, നസീംപുളിക്കൽ,അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള , വി.പി മുഹമ്മദലി, വി.കെ ഹുസൈൻ കുട്ടി, ഹാരിസ് കല്ലായി എന്നിവർ ആശംസ പ്രസംഗം നടത്തി ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും ട്രഷർ വി.പി അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര തങ്ങൾക്ക് KMCC യുടെ ആദരപത്രം സമർപ്പിച്ചു. സി.കെ റസാഖ് മാസ്റ്റർ പ്രവാസി പ്രശ്നങ്ങൾ അടങ്ങിയ നിവേദനം നൽകി സെൻട്രൻ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി ഭാരവാഹികളും തങ്ങളെ ഷാൾ അണിയിച്ചു. വൻ ജനാവലി തിങ്ങി നിറഞ്ഞ പരിപാടിയിൽ വെച്ച് തങ്ങളെ കുറിച്ച് എഴുതപ്പെട്ട ഉടൻ പുറത്തിറങ്ങുന്ന പുസ്തകത്തിൻ്റെ പോസ്റ്റർ റിലീസിംഗ് നടന്നു.






