
തിരുവനന്തപുരം: പരീക്ഷാ മൂല്യനിർണയ പിഴവിൽ പിഎസ്‌സി ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ നിലവിലെ റാങ്ക് പട്ടികയിൽ മാറ്റം വരും. മാർക്കിടാതെ വിട്ട 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും ഇന്ന് ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചു.
ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ഗുരുതര പിഴവ് ആരോപിക്കപ്പെട്ടത്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനിയിലെ അംഗമാണെന്നതും വിവാദത്തിനു രൂക്ഷത കൂട്ടുന്നു. ഉത്തരക്കടലാസിന്റെ പകർപ്പിനു വേണ്ടി ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകിയിട്ടും ഗുരുതരമായ കാലതാമസമുണ്ടായി. ഒരു വർഷം കഴിഞ്ഞാണ് പരിഹാരമുണ്ടായത്. വിവരാവകാശ നിയമ പ്രകാരവും ശ്രമങ്ങൾ നടത്തിയിരുന്നു.
പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തിക നിയമനമാണ് വിവാദമായത്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗില്‍ 9 മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ മാര്‍ക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പിഎസ്‌സി നടത്തിയ പ്രാഥമിക പരിശോധനയില്‍ 228 പേരുടേയും ഉത്തരക്കടലാസുകളില്‍ ഈ ചോദ്യങ്ങള്‍ നോക്കിയിട്ടില്ലെന്ന് കണ്ടെത്തി.
ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് ആയി ഒന്നാം റാങ്കുകാരന്‍ അരുണ്‍ ജെ പ്രതാപിനെ കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. ഇടതുസര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് അരുണ്‍ ജെ പ്രതാപ്. മൂന്നാം റാങ്കുകാരന്‍ കെ ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്‌സിയെ സമീപിച്ചതും തുടർന്ന് വിവാദങ്ങൾ ഉണ്ടായതും.







Comments