
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വേനലവധിക്ക് ശേഷം കേസ് വാദത്തിനായി പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
"ഇത്രയും അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമെന്താണ്? ഇപ്പോൾ ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ," എന്നാണ് ബെഞ്ചിന്റെ പരാമർശം.
ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലും ഭരണത്തിലും സാമ്പത്തിക ക്രമക്കേടുകളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടന്നെന്ന ആരോപണത്തിൽ സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവർ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കോടിക്കണക്കിന് ഭക്തരുടെ വിശ്വാസവും പൊതുതാൽപര്യവും സംരക്ഷിക്കുന്നതിനായി നിയന്ത്രണം, മേൽനോട്ടം, ഓഡിറ്റ് സംവിധാനം എന്നിവ നടപ്പാക്കാൻ കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ക്ഷേത്ര ട്രസ്റ്റിനും നിർദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.






