
തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, എഡിറ്റിങ് തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും വ്യക്തിമുദ്ര തെളിയിച്ച ഇതിഹാസ ചലച്ചിത്രപ്രവര്‍ത്തകനായിരുന്നു കെ. ഭാഗ്യരാജ്. ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഭാഗ്യരാജിന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് ഇപ്പോൾ ചലച്ചിത്രലോകം.
മലയാളസിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്നതിലുപരി മലയാളികള്‍ തങ്ങളുടെ സ്വന്തം ‘മരുമകന്’ എന്നൊരു വിശേഷണം കൂടി ഭാഗ്യരാജിന് നല്‍കാറുണ്ട്. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്ന പൂര്‍ണ്ണിമ ജയറാമിനെയാണ് ഭാഗ്യരാജ് വിവാഹം ചെയ്തത്. തെന്നിന്ത്യയിലെ മാതൃകദമ്പതിമാരാണ് ഭാഗ്യരാജും പൂര്‍ണ്ണിമയും. രണ്ട് മക്കളാണ് ഇവര്‍ക്ക് ശന്തനുവും ശരണ്യയും. മക്കള്‍ക്ക് എന്നും നല്ലൊരു അച്ഛന് കൂടിയായിരുന്നു ഭാഗ്യരാജ്.
ഇപ്പോഴിതാ അച്ഛന്റെ വേര്‍പാടിന്റെ മനസ്സു തകര്‍ന്നൊരു കുറിപ്പ് പങ്കിടുകയാണ് അഭിനേത്രി കൂടിയായ ശരണ്യ. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ ഉൾക്കൊള്ളുന്ന ഒരു വൈകാരിക വീഡിയോ മോണ്ടേജിലൂടെയാണ് ശരണ്യ തന്റെ നഷ്ടം പങ്കിട്ടിരിക്കുന്നത്. ‘‘എന്റെ ദൈനംദിന കോൾ ലോഗ് ഇനി ഇങ്ങനെയായിരിക്കില്ല...എനിക്ക് ഏറ്റവും കൂടുതൽ മിസ്സ്ഡ് കോളുകൾ വന്നിരുന്നത് അച്ഛനില്‍ നിന്നാണെന്ന് ഞാന്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല...’’ എന്നാണ് ശരണ്യ വൈകാരികമായി കുറിച്ചിരിക്കുന്നത്. തനിക്കൊപ്പമുള്ള അച്ഛന്റെ ത്രോബാക്ക് ചിത്രങ്ങളും, തന്റെ കുഞ്ഞിനൊപ്പമുള്ള ഭാഗ്യരാജിന്റെ ചിത്രങ്ങളും അച്ഛനും താനും തമ്മിലുള്ള് ടെക്സ്റ്റ് സംഭാഷണങ്ങളുടെയും വാട്സ് അപ്പ് കോളുകളുടെയും സ്ക്രീന്‍ഷോട്ടുകളും പങ്കിട്ട് ശരണ്യ കുറിച്ചിരിക്കുന്നത്.






