
ഹരിഹരന് സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സൈജു കുറുപ്പ്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് അത്രകണ്ട് പ്രേക്ഷകഹൃദയം കീഴടക്കാന്‍ സൈജുവിന് കഴിഞ്ഞില്ല. സപ്പോര്‍ട്ടിംഗ് താരമായി മാത്രം സിനിമയില്‍ അഭിനയിച്ച താരം, ഏറെ ശ്രദ്ധിക്കപ്പെട്ടത് ജയസൂര്യ നായകനായി എത്തിയ ആട് എന്ന ചിത്രത്തിലെ ‘അറയ്ക്കല്‍ അബു’ എന്ന കഥാപാത്രത്തിലൂടെയാണ്.
ഇന്നും റീല്‍സുകളിലും മീമുകളിലുമടക്കം തിളങ്ങി നില്ക്കാറുള്ള അറയ്ക്കല്‍ അബു സൈജുവിന് ഒരുപാട് പ്രശംസയും പ്രശസ്തിയും നേടിക്കൊടുത്തു. ആ സിനിമയ്ക്ക് ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നായകവേഷത്തിലടക്കം മികച്ച സിനിമകളില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞു. സൈജുവിന് നായകനായി തിളങ്ങിയ ഒരു ചിത്രമായിരുന്നു ‘ഭരതനാട്യം’. ശശിധരൻ നായർ എന്ന കഥാപാത്രമായി സൈജു എത്തിയ ചിത്രം തിയറ്ററില്‍ ശോഭിച്ചില്ലെങ്കിലും ഒടിടിയില്‍ ഗംഭീര പ്രതികരണം നേടി. പിന്നാലെ രണ്ടാം ഭാഗമായി മോഹിനിയാട്ടവും എത്തി. ചിത്രം തിയറ്ററില്‍ ഗംഭീര വിജയവും നേടി.
ഇപ്പോഴിതാ 21 വർഷത്തെ തന്റെ കാത്തിരിപ്പാണ് ഈ വിജയം എന്ന് പറയുകയാണ് സൈജു കുറുപ്പ്. ദൈവത്തില്‍ താൻ വിശ്വസിച്ചിരുന്നുവെന്നും ഇന്റസ്ട്രിയുടെ പിന്തുണ കൊണ്ട് സിനിമകള്‍ കിട്ടുകയും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് അഭിനയിച്ചാണ് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന സൈജു കുറുപ്പാകാന്‍ പറ്റിയതെന്നുമാണ് താരം പറയുന്നത്.
‘‘ഭരതനാട്യത്തിന്റെ രണ്ടാമത്തെ ഫ്രാഞ്ചൈസി മോഹിനിയാട്ടം ഒരു വലിയ ബ്ലോക് ബസ്റ്ററാക്കി തന്ന കേരളത്തിലെ പ്രേക്ഷകരോട് നന്ദി. ഇങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് ജീവിതത്തില്‍ ഞാന്‍ വിചാരിച്ച കാര്യമല്ല. ഞാന്‍ സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്ത പല സിനിമകളും ഹിറ്റായ ശേഷം ഇങ്ങനെയുള്ള ആഘോഷങ്ങള്‍ നടന്നിട്ടുണ്ട്. എന്റെ ഓരോ പടം വരുമ്പോഴും ആ സിനിമ വലിയ വിജയമാകുമെന്ന് വെറുതെ എങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷേ അതൊന്നും സംഭവിക്കാതെ പോയി. പക്ഷേ മോഹിനിയാട്ടത്തില്‍ അത് സംഭവിച്ചു.
ഇതൊരു സ്വപ്നം പോലെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. ദൈവം എനിക്കിത് തന്നല്ലോ. 21 വര്‍ഷത്തെ കാത്തിരിപ്പാണ്. എന്താകും എന്റെ കരിയര്‍ എന്ന് എനിക്കും അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും അച്ഛനും അറിയില്ലായിരുന്നു. പക്ഷേ ദൈവത്തില്‍ ഞാന്‍ ഭയങ്കരമായിട്ട് വിശ്വസിച്ചിരുന്നു. സിനിമകള്‍ കിട്ടുമെന്ന് മാത്രമല്ല എന്റെ അഭിനയവും ദൈവം നന്നാക്കി തരുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഇന്റസ്ട്രിയുടെ പിന്തുണ കൊണ്ട് എനിക്ക് സിനിമകള്‍ കിട്ടിത്തുടങ്ങി. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് അഭിനയിച്ച് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന സൈജു കുറുപ്പാകാന്‍ പറ്റി. എന്റെ കുടുംബം ഹാപ്പിയാണ്. എനിക്ക് ശരിക്ക് സന്തോഷിക്കാന്‍ പറ്റുന്നില്ല. ഉള്ളില്‍ ഞാന്‍ തുള്ളിച്ചാടുകയാണ്. നിങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്...’’ സൈജു കുറുപ്പ് പറഞ്ഞു. ഭരതനാട്യം ഒന്നും രണ്ടും ഭാഗങ്ങളുടെ സക്സസ് മീറ്റില്‍ സംസാരിച്ചപ്പോഴാണ് താരമിത് പറഞ്ഞത്.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘ഭരതനാട്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘മോഹിനിയാട്ടം’. മലയാള സിനിമയിൽ സമീപകാലത്ത് പുറത്തിറങ്ങിയ ഏറ്റവും മികച്ച ഡാർക്ക് കോമഡി എന്റർടെയ്നറുകളിൽ ഒന്നാണ്. ഭരതൻ നായരുടെ അപ്രതീക്ഷിതമായ മരണത്തോടെ തകർന്നുപോയ ഒരു കുടുംബത്തിന്റെ അതിജീവനവും അവർ നേരിടുന്ന വ്യത്യസ്തമായ വഴിത്തിരിവുകളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളാണ് സിനിമയുടെ നട്ടെല്ല്. സൈജു കുറുപ്പിനെക്കൂടാതെ ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, ശ്രീജ രവി, അഭിരാം രാധാകൃഷ്ണൻ, ദിവ്യ എം നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സ്വാതിദാസ്, വിനയ് ഫോർട്ട്, ജിനിൽ റെക്സ്, ജിവിൻ റെക്സ്, തുടങ്ങിയ ഭരതനാട്യത്തിലെ താരങ്ങൾക്കൊപ്പം നിസ്താർ സെയ്ത്, സന്തോഷ് കെ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയ് ബാബു, റാപ്പർ ബേബി ജീൻ തുടങ്ങിയവരും ഈ സിനിമയിലുണ്ട്.






