
ബോസ്റ്റണ്‍: നാലുവട്ടം ചാംപ്യന്മാരായ ജര്‍മ്മനിയെ രണ്ടാം റൗണ്ടില്‍ തന്നെ കെട്ടുകെട്ടിച്ച് ലാറ്റിനമേരിക്കന്‍ കുഞ്ഞന്മാരായ പരാഗ്വേ. ബോസ്റ്റണില്‍ നടന്ന നിര്‍ണ്ണായകമത്സരത്തില്‍ സാധാരണ സമയത്ത് സമനിലയില്‍ പിടിച്ചു നിര്‍ത്തുകയും ഷൂട്ടൗട്ടില്‍ വീഴ്ത്തുകയുമായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ അവസാനിച്ച ശേഷം നടന്ന ഷൂട്ടൗട്ടില്‍ 4-3 നായിരുന്നു തോല്‍പ്പിച്ചത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കായ് ഹാവെര്‍ട്സ്, നിക്ക് വോള്‍ട്ടെമേഡ് എന്നിവരുടെ പെനാല്‍റ്റി കിക്കുകള്‍ പരഗ്വായ് ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ തടുത്തിട്ടു. ജോനാഥന് ടായുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നപ്പോള്‍ അന്റോണിയോ സനാബ്രിയയുടെ ഷോട്ട് പുറത്തുപോയി. പരാഗ്വേയുടെ ഫാബിയന്‍ ബാല്ബുവേനയുടെ ശ്രമം 40 കാരനായ ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ തടഞ്ഞെങ്കിലും ജയിക്കാന്‍ അതു പോരായിരുന്നു. ലാറ്റിനമേരിക്കന്‍ ടീമിനായി പ്രതിരോധ താരം ജോസെ കനാലെ ലക്ഷ്യം കണ്ടതോടെ പെനാല്‍റ്റിയില്‍ 4-3 ന്റെ വിജയവുമായി പരഗ്വായ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.
കളിയില്‍ ജൂലിയോ എന്‍സിസോയിലൂടെ ആദ്യം ലീഡ് നേടിയത് പരാഗ്വേ ആയിരുന്നു. 42-ാം മിനിറ്റില്‍ നേടിയ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പരഗ്വായ്ക്ക് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചിരുന്നു. രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത ജര്‍മ്മനി സമനില പിടിച്ചു. മിഡ്ഫീല്‍ഡര്‍ ഫ്ലോറിയന്‍ വിര്‍ട്സിന്റെ ക്രോസില്‍ നിന്ന് ഒരു ഗ്ലാന്സിങ് ഹെഡ്ഡറിലൂടെ ഹാവെര്‍ട്സ് ആണ് ജര്‍മ്മനിക്കായി ഗോള്‍ നേടിയത്. മത്സരം അധിക സമയത്തേക്ക് നീട്ടുന്നതില്‍ പരഗ്വായുടെ പ്രതിരോധ നിര മികച്ച പങ്കുവഹിച്ചു. ഇതിനിടെ ടാ ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചപ്പോള്‍ ജര്‍മ്മനി വിജയം ഉറപ്പിച്ചതായിരുന്നു, എന്നാല്‍ വാല്‍ഡെമര്‍ ആന്റണ്‍ പരാഗ്വേ ഗോള്‍കീപ്പര്‍ ഗില്ലിനെ ഫൗള്‍ ചെയ്തതായി വിധിച്ച് റഫറി ആ ഗോള്‍ നിഷേധിച്ചു.
ഷൂട്ടൗട്ടില്‍ ഹാവെര്‍ട്സ് ജര്‍മ്മനിയുടെ ആദ്യ പെനാല്‍റ്റി തന്നെ പാഴാക്കി, തൊട്ടുപിന്നാലെ വോള്ട്ടെമേഡിന്റെ ശ്രമവും പരാജയപ്പെട്ടു. മത്സരം നേരത്തെ അവസാനിപ്പിക്കാന്‍ കിട്ടിയ രണ്ട് അവസരങ്ങള്‍ പരഗ്വായ് കളഞ്ഞുകുളിച്ചെങ്കിലും, മൂന്നാം അവസരത്തില്‍ കനാലെ ശാന്തതയോടെ ലക്ഷ്യം കണ്ട് ടീമിന് അവിസ്മരണീയമായ വിജയം സമ്മാനിച്ചു. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ രണ്ട് തവണ ചാമ്പ്യന്മാരായ ഫ്രാന്‍സോ സ്വീഡനോ ആയിരിക്കും പരഗ്വായുടെ എതിരാളികള്‍.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മ്മനി ഒരു ഷൂട്ടൗട്ടില്‍ പരാജയപ്പെടുന്നത്. 1954, 1974, 1990, 2014 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ജര്‍മ്മനിക്ക്, തങ്ങളുടെ അവസാന കിരീടനേട്ടത്തിന് ശേഷം തുടര്‍ച്ചയായ മൂന്ന് ടൂര്‍ണമെന്റുകളിലും തിളങ്ങാനായില്ല. 2018-ല്‍ മെക്സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ് അവര്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായാണ് പുറത്തായത്. 2022-ല്‍ ജപ്പാനോട് തോറ്റതിനെ തുടര്‍ന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായി വീണ്ടും പുറത്തായി. ഫിഫ റാങ്കിംഗില്‍ ജര്‍മ്മനിയേക്കാള്‍ 31 സ്ഥാനങ്ങള്‍ പിന്നില്‍ ആയിരുന്ന പരഗ്വായോടേറ്റ ഈ തോല്‍വി ജര്‍മ്മനിക്ക് മറ്റൊരു നാണക്കേടായി മാറി.






