
ഇക്കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ വിയോഗം. ഇപ്പോഴിതാ ഭാഗ്യരാജിന്റെ വിയോഗത്തില്‍ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും, ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കുകയും ചെയ്ത മുഖ്യമന്ത്രി വിജയ്ക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് മകന് ശാന്തനു ഭാഗ്യരാജ്.
''ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എങ്ങനെയാണ് നിങ്ങളോടുള്ള നന്ദി ഞാന്‍ 26 ഉം 247 ഉം ക്യാരക്ടറുകളില്‍ ഒതുക്കുക? ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. എന്റെ വിവാഹ ജീവിതത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ നിങ്ങളാണ് എന്റെ കൈകളിലേക്ക് താലി എടുത്തു വച്ചു തന്നത്. അതിനുള്ള നന്ദി പോലും ഞാന്‍ പറഞ്ഞു തീര്‍ന്നിട്ടില്ല.
അതിനിടയിലാണ് എന്റെ ജീവിതത്തിലെ നിര്‍ഭാഗ്യകരമായ ആ ദുഃഖദിനം വന്നത്-എന്റെ പിതാവിന്റെ വിയോഗം. അവിടെ ആശ്വസിപ്പിക്കാന്‍ എത്തിയ നിങ്ങള്‍, നിങ്ങളുടെ പദവിയും അന്തസ്സും ഒക്കെ മാറ്റിവെച്ച്, തികച്ചും ലളിതമായി അമ്മയുടെ അരികില്‍ മുട്ടുകുത്തി ഇരുന്ന് ആശ്വസിപ്പിച്ചത് എന്നെ ഏറെ വികാരഭരിതനാക്കി'' , ശാന്തനു പറയുന്നു.
ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് മരണ ശേഷം ഔദ്യോഗിക ബഹുമതികളോടെയുള്ള യാത്രയയപ്പെന്നും ശാന്തനു പറയുന്നു.'ഈ നിമിഷം ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ചോദിക്കേണ്ടത്? ഹൃദയത്തില്‍ നിന്നും നന്ദി അണ്ണാ' എന്നു പറഞ്ഞാണ് ശാന്തനു കുറിപ്പ് അവസാനിപ്പിക്കുന്നത്. വിജയ്ക്കൊപ്പമുളള ചിത്രങ്ങളും ശാന്തനു പങ്കുവച്ചിട്ടുണ്ട്.






