
മൂവാറ്റുപുഴ: മന്ത്രവാദത്തിന്റെയും ദോഷപരിഹാര പൂജകളുടെയും മറവില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ ജ്യോത്സ്യന് 43 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സൊ കോടതി.
മൂവാറ്റുപുഴ സൗത്ത് മാറാടി പാറയില്‍ പി.എ. അമീര്‍ (42) നെയാണ് ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. 2023 ജനുവരി 11 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറുപ്പുംപടി സ്വദേശിനിയായ എട്ടാം ക്ലാസുകാരിയെ പുത്തന്കുരിശിന് സമീപം നായ്ക്കരുപടിയിലുളള അമീറിന്റെ ജ്യോതിഷാലയത്തിനുളളില് ലൈഗീക അതിക്രമത്തിന് ഇരയാക്കുക ആയിരുന്നു.
മാനസീക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച വിദ്യാര്‍ഥിനിയെ ബന്ധുവായ സ്ത്രീയുടെ ഉപദേശ പ്രകാരം മന്ത്രവാദ ചികിത്സയ്ക്കായി അമ്മയും സഹോദരനും ചേര്‍ന്നാണ് ഇവിടെ എത്തിച്ചത്. കുട്ടിയെ കണ്ട ഉടന്‍ ഏതാനും വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത യുവതിയുടെ പ്രേതം പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കണമെന്നും ഇതിനായി പൂജയും കര്‍മങ്ങളും നടത്തണമെന്നും അമീര്‍ അറിയിച്ചു.
വീട്ടുകാര്‍ ഇത് അംഗീകരിച്ചതോടെ സഹോദരനെ പുറത്ത് നിര്‍ത്തി പെണ്‍കുട്ടിയെയും അമ്മയെയും മുറിക്ക് അകത്തേക്ക് കൂട്ടികൊണ്ട് പോയി. പിന്നീട് അമ്മയോട് കെട്ടിടത്തിന്റെ പിന് ഭാഗത്ത് പോയി 101 തവണ മന്ത്രം ഉരുവിടാന്‍ ആവശ്യപ്പെട്ടു.
തന്ത്രപൂര്‍വം അമ്മയെ ഒഴിവാക്കി പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. കുതറി രക്ഷപെട്ട് മുറിക്ക് പുറത്തുവന്ന കുട്ടി ഭയം കാരണം വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയില്‍ വന്ന മാറ്റം ശ്രദ്ധയില്‍പെട്ട സഹോദരന് കാര്യങ്ങള്‍ ചോദിച്ചറിയുക ആയിരുന്നു.
തുടര്‍ന്ന് ജനുവരി 21 ന് കുന്നത്ത്നാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതോടെ പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പിന്നാലെ വാഴക്കുളത്തെ ഒളിത്താവളത്തില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.
കുന്നത്ത്നാട് എസ്.ഐ. ആയിരുന്ന സി.പി ബഷീര്‍, സീനിയര്‍ സി.പി.ഒ: പി. ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ച കേസ് പിന്നീട് പുത്തന്‍കുരിശ് പോലീസിന് കൈമാറി. പുത്തന്‍കുരിശ് ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ കെ. സജീവ്, സി.ഒ. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര് ജമുന കോടതിയില്‍ ഹാജരായി. ഒമ്പതാം ക്ലാസ് പഠനത്തിന് ശേഷം പാചകക്കാരനായി ജോലി നോക്കിയിരുന്ന പ്രതി അമീര്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജ്യോത്സ്യത്തിലേക്കും മന്ത്രവാദത്തിലേക്കും തിരിഞ്ഞത്. കടമറ്റത്ത് വര്‍ഷങ്ങളോളം ഇയാള്‍ ജ്യോതിഷകേന്ദ്രം നടത്തി വരുകയായിരുന്നു.






