
തിരുവനന്തപുരം: ആഗോള കപ്പല്‍ചാല്‍ ഭീമന്മാരായ മെഡിറ്ററേറിയന്‍ ഷിപ്പിംഗ് കമ്പനി വിഴിഞ്ഞത്ത് നിക്ഷേപം നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപവുമായിരിക്കും ഇതെന്നും തങ്ങളുടെ അനുബന്ധ സ്ഥാപനമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് വഴി 13,000 കോടി രൂപയാണ് എം.എസ്.സി വിഴിഞ്ഞത്ത് ഇറക്കുമെന്നുമാണ് വിവരം.
ഇതോടെ തുറമുഖത്തിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തം ഇവര്‍ക്ക് സ്വന്തമാകും. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിത്. ഈ വമ്പന്‍ പങ്കാളിത്തത്തോടെ വിഴിഞ്ഞത്തിന്റെ വാണിജ്യശേഷി 57 ലക്ഷം ടി.ഇ.യുവിലേക്ക് കുതിച്ചുയരും. നിലവിലെ വാണിജ്യശേഷി 16 ലക്ഷം ടി.ഇ.യു ആണ്. വിഴിഞ്ഞത്തിന് ഇത് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം നിക്ഷേപം നേട്ടമായി മാറിയേക്കുമെങ്കിലും തുറമുഖത്തിന്റെ ഭാവി അവകാശം സംബന്ധിച്ച ചില നിര്‍ണായക ചോദ്യങ്ങളും ഇത് ഉയര്‍ത്തുന്നുണ്ട്.
നിലവിലെ കരാര്‍ പ്രകാരം 2075-ല്‍ തുറമുഖത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിലേക്ക് തിരിച്ചെത്തേണ്ടതാണ്. അമ്പത് വര്‍ഷത്തിനപ്പുറം നടക്കുന്ന ഈ കൈമാറ്റ വേളയില്‍ 49% ഓഹരി കൈവശമുള്ള എം.എസ്.സിയുടെ പങ്ക് എന്തായിരിക്കും എന്നതാണ് ഉയരുന്ന ചോദ്യം. ദീര്‍ഘകാല പങ്കാളിത്തത്തിന്റെ കൂടുതല്‍ വ്യവസ്ഥകള്‍ വരും ദിവസങ്ങളിലേ വ്യക്തമാകൂ.






