
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലുണ്ടായ ബിജെപി - കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശബരീനാഥനെതിരേ കോര്‍പ്പറേഷന്‍ ജീവനക്കാരന്‍. എല്ലാ കുഴപ്പത്തിനും കാരണം ശബരീനാഥനാണെന്നും കൗണ്‍സിലര്‍മാര്‍ ഒപ്പിടേണ്ടി രജിസ്റ്റര്‍ തട്ടിപ്പറിച്ചത് അദ്ദേഹമാണെന്നുമാണ് ആരോപിച്ചിരിക്കുന്നത്. കോര്‍പറേഷന്‍ ജീവനക്കാരനായ യുസഫ് ആണ് രംഗത്ത് വന്നത്.
വാര്‍ത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തല്‍. കൗണ്‍സിലര്‍മാരെക്കൊണ്ട് ഒപ്പിടീക്കാനായി രജിസ്റ്ററുമായി ഷീബാ പാട്രിക് എന്ന കോണ്‍ഗ്രസ് വനിതാ കൗണ്‍സിലറുടെ അടുത്ത് പോയതാണ് താന്‍. ഒപ്പിട്ട ശേഷം ആ ബുക്ക് അവര്‍ മടക്കിത്തരാതെ കയ്യില്‍വെച്ചു. അവരില്‍ നിന്നും കെ.എസ്. ശബരീനാഥന്‍ ഈ രജിസ്റ്റര്‍ തട്ടിപ്പറിക്കുകയായിരുന്നു. അതിന് ശേഷം ശബരിനാഥന്‍ ഈ രജിസ്റ്റര്‍ വിട്ടുകൊടുക്കാതെ ബലമായി കയ്യില്‍വെച്ചു. ഈ രജിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും കൊടുത്തില്ല. ചോദിക്കാന്‍ ചെന്ന ചെമ്പഴന്തി ഉദയനെതിരെ ശബരിനാഥ് ചാടിവീണു.
ബഹളം കൂടിയപ്പോള്‍ അടുത്തുനിന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ചൂടുവെള്ളമെടുത്ത് ബിജെപി കൗണ്‍സിലര്‍മാരുടെ മുകളില്‍ ഒഴിച്ചു. അതേ നാണയത്തില്‍ അത് തിരിച്ചും കിട്ടി. ഉന്തും തള്ളുമായപ്പോള്‍ ശബരിനാഥന്‍ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരുടെ പുറകില്‍ ഒളിച്ചു. ഇതിനിടെ ഒരു കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്റെ ഷര്‍ട്ട് വലിച്ചുകീറി. താന്‍ മേയറായി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പേ കോര്‍പറേഷനിലുള്ള ജീവനക്കാരനാണ് യൂസഫ് എന്ന് വി.വി. രാജേഷ് വ്യക്തമാക്കി.






