
തിരുവനന്തപുരം: നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. വര്‍ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുളള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.
അന്‍സിബയുടെ ഹര്‍ജിയില്‍ കോടതി പോലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അന്‍സിബ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഡിജിപിക്ക് കൈമാറി. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി, എസിപിയോട് നിര്‍ദേശിച്ചു.
പ്രാഥമിക പരിശോധന നടത്തിയ പോലീസ് അന്‍സിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തി. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. ടിനി ടോമിനെതിരായ പരാതി വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.






