
അമ്മ സിന്ധു കൃഷ്ണയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ യൂട്യൂബ് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ, ഈ വിവാദങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെതിരെ ഹൻസിക കൃഷ്ണ രംഗത്ത്. സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും, വ്യൂസ് കൂട്ടാൻ വേണ്ടി തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ തമ്പ്നെയിലുകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹൻസിക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
"അഹാനയുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയുമായി ബന്ധപ്പെട്ട് ഞാൻ ഒട്ടും ഭാഗമല്ലാത്ത ഒരു വിഷയത്തിലേക്ക് ഒരു യൂട്യൂബർ എന്നെ വീണ്ടും വലിച്ചിഴയ്ക്കുകയാണ്. കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം അയാൾ എന്റെ പേരും ചിത്രവും വീഡിയോയുടെ തമ്പ്നെയിലിലും ടൈറ്റിലിലും ഉപയോഗിച്ചിരിക്കുന്നു. എന്നെ മനഃപൂർവ്വം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ അതിക്രമം അവസാനിപ്പിച്ചില്ലെങ്കിൽ അയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്ന് ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു" - ഹൻസിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

സിന്ധു കൃഷ്ണയുടെ കുടുംബവുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇതിന് കൃത്യമായ മറുപടിയുമായി അഹാന കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ വിവാദങ്ങളിലൊന്നും യാതൊരു പങ്കുമില്ലാത്ത ഹൻസികയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചില ഓൺലൈൻ ചാനലുകൾ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്.
ഇനിയും ഈ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വ്യാജപ്രചാരണങ്ങളും തുടർന്നാൽ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഹൻസിക നൽകിയിരിക്കുന്നത്.







Comments