
ന്യൂഡല്‍ഹി: രാജ്യത്തെ ഹോട്ടല്‍-റെസ്റ്റോറന്റ് വ്യവസായങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നുകൊണ്ട് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായ കുറവ് വരുത്തി. സിലിണ്ടറൊന്നിന് 183.50 രൂപയാണ് ഒറ്റയടിക്ക് കുറച്ചത്.
ഇതോടെ പുതിയ നിരക്ക് 2,951 രൂപയായി പുതുക്കി നിശ്ചയിച്ചു. അതേസമയം, സാധാരണക്കാരുടെ വീടുകളിലെ പാചകവാതക (ഗാര്‍ഹിക) വിലയില്‍ ഇത്തവണ മാറ്റമൊന്നും വരുത്തിയിട്ടില്ല. വില കുറഞ്ഞതിനൊപ്പം വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന്മേല്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളും കേന്ദ്ര പെട്രോളിയം മന്ത്രാലയം പൂര്‍ണ്ണമായി പിന്‍വലിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ യുദ്ധാന്തരീക്ഷത്തെത്തുടര്ന്ന് രാജ്യാന്തരതലത്തില്‍ എല്‍.പി.ജി ഇറക്കുമതി സാരമായി തടസ്സപ്പെട്ടതാണ് വിപണിയില്‍ പ്രതിസന്ധിയുണ്ടാക്കിയത്. വിതരണത്തിലുണ്ടായ ഈ കുറവ് കാരണം കഴിഞ്ഞ മെയ് മാസത്തിന്റെ തുടക്കത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒന്നിച്ച് 900 രൂപയിലേറെ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു. ഇറക്കുമതി തടസ്സങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍, വിപണിയിലെ വിതരണ ശൃംഖല പഴയപടി സുഗമമാക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം.
കടുത്ത പാചകവാതക ക്ഷാമം നേരിട്ട ഘട്ടത്തില്‍, വാണിജ്യ ആവശ്യങ്ങളേക്കാള്‍ രാജ്യത്തെ സാധാരണ കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരുന്നത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിന് കാരണം ഇതായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ നീങ്ങിയതും വില കുറഞ്ഞതും കച്ചവട മേഖലയ്ക്ക് വലിയ രീതിയില്‍ ഉണര്‍വേകും.






