
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം മുന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിലേക്കും. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം റിയാസിന്റെ അക്കൗണ്ടുകളിലേക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ വിനിയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് ഇഡി രണ്ട് തവണ വീണയെ ചോദ്യം ചെയ്തിട്ടും കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ല.
സിഎംആര്‍എല്ലില്‍ നിന്ന് വീണ കൈപ്പറ്റിയ കോടികള്‍ എങ്ങനെയൊക്കെ വിനിയോഗിക്കപ്പെട്ടു എന്ന് കണ്ടെത്താനാണ് കേന്ദ്ര ഏജന്‍സിയുടെ പുതിയ നീക്കം. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വിവാദമായ തുക വീണയുടെ അക്കൗണ്ടിലെത്തുന്നത്. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം. വീണയുടെയും മുഹമ്മദ് റിയാസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഇ.ഡി.യുടെ അടുത്ത ശ്രമം. ഇതിനായി റിയാസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇഡി വിശദമായി പരിശോധിക്കും.
വീണയില്‍ നിന്നും കിട്ടിയ മറുപടികളില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ് സൂചന. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് 2.78 കോടി രൂപ ലഭിച്ചതായി ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ തുകയ്ക്ക് ആനുപാതികമായ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ വീണയ്ക്ക് സാധിച്ചിട്ടില്ല. കേസില്‍ അഴിമതി നിരോധന നിയമം ബാധകമാക്കാനുള്ള സാധ്യതകളിലാണ് ഇ.ഡി.
സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പകരമായി നല്കിയ പ്രതിഫലമാണോ ഈ തുക എന്ന സംശയവും ഇ.ഡി. ഉയര്‍ത്തുന്നുണ്ട്. ഈ സംശയത്തിന്റെ നിഴലിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. സിഎംആര്‍എല്‍ കമ്പനിക്ക് മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട രീതിയില്‍ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും, ഈ കരാറുകള്‍ക്ക് പിന്നില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാധീനമുണ്ടോ എന്നതുമാണ് ഇഡി ഇപ്പോള്‍ ഉറ്റുനോക്കുന്നത്.






