
പൃഥ്വിരാജ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ' കാളിയന്'. 8 വര്‍ഷം മുമ്പ് അനൗണ്‍സ് ചെയ്ത സിനിമയുടെ മോഷന്‍ പോസ്റ്ററും ഡയലോഗ് ടീസറുമെല്ലാം പുറത്തുവന്നിരുന്നു. എന്നാല്‍ കുറച്ചു കാലമായി ' കാളിയ' നെ കുറിച്ചുളള യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല.
ഇപ്പോഴിതാ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റേഡിയോ മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസുതുറന്നത്.
'എനിക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള, എനിക്ക് ഭയങ്കരമായി ഇമോഷണലി കണക്ട് ആയ ചരിത്രത്തിന്റെ ഒരു ഏടിനെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് അത്. ഞാൻ എന്റെ സമയം കൊടുത്ത സിനിമയാണ് അത്. എന്നാൽ അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം. അതിനായി കാത്തിരിക്കുകയാണ്', പൃഥ്വിരാജ് പറഞ്ഞു.
എസ് മഹേഷ് സംവിധാനം ചെയ്യുന്ന ' കാളിയന്' നീണ്ട ഗവേഷണത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷം ബി ടി അനില്‍കുമാര്‍ തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണ്. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ' കാളിയനാ' യാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. 2018 പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. സുജിത് വാസുദേവ് ആണ് കാമറ. കെജിഎഫ്, സലാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ രവി ബസ്റൂറാണ് കാളിയനിലും പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ടീം അറിയിച്ചിരുന്നു. അനാര്‍ക്കലിക്ക് ശേഷം രാജീവ് ഗോവിന്ദര്‍ നിര്‍മ്മിക്കുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണ് കാളിയന്.






