
ഒരു ഘട്ടത്തില്‍ സിനിമ വിട്ടുപോകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകന് ചിദംബരം. ഒരുവര്‍ഷം മുഴുവന്‍ കൊടൈക്കനാലില്‍ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് കറങ്ങി നടന്നുവെന്നും, പിന്നീട് സിനിമയിലേക്ക് തന്നെ തിരിച്ചു വന്നതിനെക്കുറിച്ചും ചിദംബരം പറഞ്ഞു. സുധീര്‍ ശ്രീനിവാസന് നല്കിയ അഭിമുഖത്തിലാണ് സംവിധായകൻ മനസുതുറന്നത്.
‘എന്റെ ജീവിതത്തിലും എല്ലാം വിട്ടെറിഞ്ഞു നാട് വിട്ടു പോകാൻ തോന്നിയ ഒരു ഘട്ടമുണ്ടായിരുന്നു, സിനിമകളൊന്നും ഉണ്ടായിരുന്നില്ല. ഒരു പടം കഴിഞ്ഞാൽ പിന്നെ രണ്ട് മൂന്ന് വർഷത്തേക്ക് ഒരു സിനിമയും കാണില്ല. സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് വരെ തോന്നിപ്പോയ സമയം ഉണ്ടായിട്ടുണ്ട്. ആ സമയത്താണ് ഹിമാലയത്തിലൊക്കെ പോയി ജീവിക്കുന്ന ആ ഒരു റൊമാന്റിക് ലൈഫിനെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നത്. അങ്ങനെ ഒരു വർഷം മുഴുവൻ ഞാൻ കൊടൈക്കനാലിൽ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് കറങ്ങി നടന്നു.
ആ സമയത്താണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ഈ ഒരു ജീവിതം എനിക്ക് പറ്റിയതല്ല, ഞാൻ സിനിമയിലേക്ക് തന്നെ തിരിച്ചുപോകണം, അവിടെ വീണ്ടും ശ്രമിക്കണം എന്ന്. സത്യത്തിൽ അത് ഭയങ്കര ബുദ്ധിമുട്ടേറിയതും ഡിപ്രസിങ് ആയതുമായ ഒരു അവസ്ഥയാണ്. കാരണം നമ്മൾ ഒറ്റയ്ക്കായിരിക്കും. മാനസികമായി നല്ല കരുത്തുണ്ടെങ്കിലേ അതിനെ അതിജീവിക്കാൻ പറ്റൂ. ഇല്ലെങ്കിൽ മനസ് അസ്വസ്ഥമായിക്കൊണ്ടേയിരിക്കും. കാരണം, ഉള്ളിലുള്ളത് പ്രകടിപ്പിക്കാൻ പറ്റാത്തതിനേക്കാൾ വലിയ വേദന വേറെയില്ല.
മനസ്സിൽ ഒരുപാട് നല്ല കഥകളും ആശയങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുക എന്നത് നരകതുല്യമാണ്. യാത്രകളെ ആസ്പദമാക്കിയുള്ള സിനിമകൾക്ക് എപ്പോഴും ഒരു പ്രത്യേക ഭംഗിയുണ്ട്, ആളുകൾക്ക് അത് കാണാൻ വലിയ ഇഷ്ടവുമാണ്. ദിവസേനയുള്ള ഈ ഓട്ടപ്പാച്ചിലുകളിൽ നിന്നും ജീവിതത്തിന്റെ സ്ഥിരം ശൈലികളിൽ നിന്നും ഒക്കെ മാറി നിൽക്കുക എന്നത് ഭൂരിഭാഗം ആളുകളുടെയും ഒരു സ്വപ്നമാണ്. ആ ഒരു സ്വപ്നത്തെയാണ് ട്രാവൽ സിനിമകളിലൂടെ നമ്മൾ വിൽക്കാൻ ശ്രമിക്കുന്നത്,' ചിദംബരം പറഞ്ഞു.
അതേസമയം 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന വമ്പൻ ഹിറ്റിന് ശേഷം ചിദംബരം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'ബാലന്'. നിരവധി പുതുമുഖങ്ങള്‍ അണിനരക്കുന്ന ഈ സിനിമ തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.






