
പ്രശസ്ത ഭോജ്പുരി സൂപ്പർസ്റ്റാർ രവി കിഷനും മകൾ റിവ കിഷനും ഒന്നിച്ച 'അലയൻസ്' എന്ന ഒടിടി റിയാലിറ്റി ഷോയിൽ നിന്നുള്ള രവി കിഷന്റെ പടിയിറക്കം വലിയ ചർച്ചയായിരുന്നു. ഷോയിൽ നിന്ന് അച്ഛൻ വിടപറഞ്ഞതിന് പിന്നാലെ, റിവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഷോയിലെ മനോഹരമായ അനുഭവങ്ങൾക്ക് നന്ദി പറഞ്ഞ റിവ, രവി കിഷനൊപ്പമുള്ള കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. "നിങ്ങൾ ഷോയിൽ നിന്ന് വിട്ടുപോയിട്ടുണ്ടാകാം. എന്നാൽ നിങ്ങൾ എന്നെ ആദ്യമായി കൈകളിൽ എടുത്ത നിമിഷം മുതൽ നമ്മുടെ ബന്ധം കല്ലിൽ കൊത്തിവെച്ചതാണെന്ന് എനിക്കറിയാം. നിങ്ങൾ എന്നെ സംരക്ഷിക്കുകയും വഴികാട്ടുകയും പിന്തുണയ്ക്കുകയും എല്ലാറ്റിനുമുപരിയായി സ്നേഹിക്കുകയും ചെയ്തു. ഈ ജീവിതത്തിൽ എനിക്ക് എപ്പോഴെങ്കിലും ആവശ്യമുള്ള ഏക കൂട്ടാളിയും എന്റെ ജീവനുമാണ് നിങ്ങൾ. ഷോയ്ക്കിടയിൽ എന്നോടൊപ്പം ചെലവഴിച്ച മനോഹരമായ സമയത്തിന് നന്ദി. നിങ്ങൾക്കും മഹാദേവനും വേണ്ടി എന്റെ ഏറ്റവും മികച്ചത് നൽകാമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു" എന്ന് റിവ കുറിച്ചു.
ഏകദേശം ഒരാഴ്ച പങ്കെടുത്തതിന് ശേഷമാണ് രവി കിഷൻ റിയാലിറ്റി ഷോയിൽ നിന്നും വിടപറഞ്ഞത്. ഷോയിലെ മറ്റ് മത്സരാർത്ഥികൾക്ക് വലിയ പിന്തുണയും ഉപദേശങ്ങളും നൽകി ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം ജനപ്രീതി നേടിയിരുന്നു. ജനങ്ങൾ തനിക്ക് വോട്ട് ചെയ്തതിനെത്തുടർന്ന് തന്റെ ഔദ്യോഗിക കടമകൾ നിർവഹിക്കാൻ ഗോരഖ്പൂരിലേക്ക് മടങ്ങുകയാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഷോയോട് വിടപറഞ്ഞത്.
തൊണ്ണൂറുകളിൽ ഹിന്ദി സിനിമകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ രവി കിഷൻ പിന്നീട് ഭോജ്പുരി സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായി മാറുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'ലാപതാ ലേഡീസ്', 'മാ ബഹൻ' എന്നീ ചിത്രങ്ങളിലെയും 'ഖാക്കി: ദി ബീഹാർ ചാപ്റ്റർ' എന്ന വെബ് സീരീസിലെയും പ്രകടനങ്ങളിലൂടെ ഒടിടി പ്ലാറ്റ്ഫോമുകളിലും അദ്ദേഹം വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.






