
സിയാറ്റില്‍/സാന്‍ഫ്രാന്‍സിസ്കോ: ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ടില്‍ തകര്‍പ്പന്‍ ജയവുമായി ബെല്‍ജിയവും യു.എസ്.എയും. ബെല്‍ജിയം 3-2 നു സെനഗലിനെയും യു.എസ്. 2-0 ത്തിനു ബോസ്നിയ ഹെഴ്സഗോവ്നിയയെയും തോല്‍പ്പിച്ചു. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്കു പിന്നില്‍നിന്നു തോല്‍വിയുടെ വക്കിലെത്തിയ ശേഷമാണു ബെല്‍ജിയം തിരിച്ചു വന്നത്്.
ഹബീബ് ഡിയാര, ഇസ്മായില സാര്‍ എന്നിവരിലൂടെയാണു സെനഗല്‍ മുന്നിലെത്തിയത്. യൂറി ടിലെമാന്‍സിന്റെ ഇരട്ട ഗോളുകളും റൊമേലു ലുകാകുവിന്റെ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് സ്വപ്നതുല്യമായ തിരിച്ചുവരവ് നല്‍കിയത്. അധിക സമയത്തെ ടിലെമാന്‍സിന്റെ ഗോള്‍ അവരുടെ ജയവും ഉറപ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചതോടെയാണ് അധിക സമയത്തേക്കു നീണ്ടത്. രണ്ടുഗോളിന് പിന്നിട്ടുനിന്ന ശേഷം ഉജ്ജ്വലമായി ബെല്‍ജിയം തിരിച്ചുവരുകയായിരുന്നു. പന്തടക്കത്തില്‍ ഇരുടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പമായി. തുടക്കത്തില്‍ ബെല്‍ജിയം മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. ഒന്‍പതാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൗസാഡ് ഗോളിനടുത്തെത്തി. സെനഗല്‍ ഗോള്‍ കീപ്പര്‍ മോറി ഡിയോ തകര്‍പ്പന്‍ സേവിലൂടെ തട്ടിയകറ്റി. 24-ാം മിനിറ്റില്‍ സെനഗല്‍ മുന്നിലെത്തി. ഹബിബ് ഡയാര മിന്നും ഹെഡറിലൂടെ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൗത്ത് കോര്ട്ടോസിസിനെ കീഴടക്കി.
രണ്ടാം പകുതിയിലും സെനഗല്‍ ബെല്‍ജിയം ഗോള്‍ മുഖത്തു വട്ടമിട്ടു. വെറ്ററന്‍ താരം റൊമേലു ലുക്കാകുവിനെ കളത്തിലിറക്കി ബെല്‍ജിയം മുന്നേറ്റങ്ങള്‍ക്ക് ശക്തി കൂട്ടി. 51-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ വലയില്‍ വീണ്ടും പന്തെത്തി. ഇസ്മായിലാ സാറയുടെ ഗോള്‍ ബെല്‍ജിയത്തെ കടുത്ത പ്രതിസന്ധിയിലായി. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കേ ലുക്കാക്കു വലകുലുക്കി. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തില്‍ ടിലെമാന്‍സിന്റെ സമനില ഗോളുമെത്തി. അതോടെ മത്സരം അധിക സമയത്തേക്ക്്. 120-ാം മിനിറ്റില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ ബോക്സില്‍ വച്ച് ലമീന്‍ കമാറ ടിലെമാന്സിനെ ഫൗള്‍ ചെയ്തു. വാര് പരിശോധിച്ച ശേഷം റഫറി പെനാല്‍റ്റി വിധിച്ചു, കിക്ക് ടിലെമാന്‍സ് തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ ബെല്‍ജിയം മുന്നോട്ട്.
സാന്താ ക്ലാരയിലെ സാന്‍ ഫ്രാന്‍സിസ്കോ ബേ അരീന സ്റ്റേഡിയത്തിലാണ് യു.എസ്.എ. ജയിച്ചത്. ഫൊളാരിന്‍ ബാലോഗനും മാലിക് ടില്മാനുമാണു ഗോളടിച്ചത്. 64-ാം മിനിറ്റില്‍ ബാലോഗന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടക്കത്തില്‍ മികച്ച നീക്കങ്ങള്‍ നടത്തിയ ബോസ്നിയ പിന്നീട് നിരാശപ്പെടുത്തി. ഹൈ പ്രസ് തന്ത്രം പുറത്തെടുത്ത ബോസ്നിയ ആദ്യ മിനിറ്റുകളില്‍ യു.എസ്. ടീമിനെ പ്രതിരോധത്തിലാക്കി. 10-ാം മിനിറ്റില്‍ അവര്‍ക്ക് മികച്ച ഒരു അവസരം ലഭിക്കുകയും ചെയ്തു. എഡിന് ജെക്കോയ്ക്കു ലഭിച്ച ലോങ് ബോള്‍ ഡെമിറോവിച്ചിനു നീട്ടി നല്കി. ഡെമിറോവിച്ചിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ മാറ്റ് ഫ്രീസെ തട്ടിയകറ്റി.
യു.എസ്. വൈകാതെ കളിയില്‍ ആധിപത്യം നേടി. സെര്‍ജിനോ ഡെസ്റ്റും വെസ്റ്റണ്‍ മക്കെന്നിയും ടെയ്ലര് ആഡംസും മാലിക് ടില്‍മാനും ആന്റണി റോബിന്സണുമെല്ലാം തുടര്‍ച്ചയായി ബോസ്നിയന്‍ ബോക്സിലെത്തി. മക്കെനി നല്കിയ പന്തിനെ ബാലോഗന് വലയിലാക്കിയെങ്കിലും ഓഫ്സൈഡായി. ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ബാലോഗനിലൂടെ അമേരിക്ക ഗോളടിച്ചു. ടില്‍മാന്‍ നല്കിയ ത്രൂബോള്‍ ബോസ്നിയ ഡിഫന്‍ഡറുടെ കാലില്‍ തട്ടി ബാലോഗനനു ലഭിച്ചു. താരത്തിന്റെ ഇടംകാലനടി ബോസ്നിയ ഗോള്‍ കീപ്പര്‍ നിക്കോള വാസിലിനെ മറികടന്നു.
രണ്ടാം പകുതിയിലും യു.എസ്. ആധിപത്യം തുടര്‍ന്നു. അതിനിടെ 64-ാം മിനിറ്റില്‍ ബാലോഗന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ബോസ്നിയന്‍ താരം മുഹറെമോവിച്ചിന്റെ കണങ്കാലില്‍ ചവിട്ടിയതിനു വാറിന്റെ സഹായത്തോടെ റഫറി ചുവപ്പ് കാര്‍ഡ് നല്കി. കളി തീരാന്‍ എട്ട് മിനിറ്റ് ശേഷിക്കേ രണ്ടാം ഗോളെത്തി. ബോക്സിന് വെളിയില്‍വച്ച് റാഡെലിച്ച് ഡെസ്റ്റിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് മാലിക് ടില്‍മാന്‍ വലയിലെത്തിച്ചു. ബെല്‍ജിയവും യു.എസും തമ്മിലാണ് അടുത്ത മത്സരം.






