
ദോഹ: 29-ാമത് പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന് പ്രശസ്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും അത്ലറ്റിക്സ് പരിശീലകനുമായ ഒ.എൽ. തോമസ് അർഹനായി. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കായികതാരം ഈ ബഹുമതിക്ക് അർഹനാകുന്നത് എന്ന പ്രത്യേകതയുമുണ്ട്.
തൃശൂർ പാവറട്ടി സ്വദേശിയായ ഒ.എൽ. തോമസ്, 1968-1970 കാലഘട്ടത്തിൽ 'ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മനുഷ്യൻ' എന്ന പദവി അലങ്കരിച്ച വിസ്മയ കായികപ്രതിഭയാണ്. പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ ചെയർമാനായ ജൂറിയിൽ പി. ഷംസുദ്ദീൻ, എം.എ. റഹ്മാൻ, കെ.കെ. സുധാകരൻ, സി.വി. റപ്പായി എന്നിവരായിരുന്നു പുരസ്കാര നിർണ്ണയ സമിതി അംഗങ്ങൾ.
അരലക്ഷം രൂപയും പ്രശസ്ത ശില്പി നമ്പൂതിരി രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ഇതിനൊപ്പം, പുരസ്കാര ജേതാവിന്റെ ജന്മനാടായ പാവറട്ടിയിലെ പഠനത്തിൽ മികവുപുലർത്തുന്ന ഒരു വിദ്യാർഥിക്ക് പ്രൊഫ. എം.എൻ. വിജയൻ സ്മാരക സ്കോളർഷിപ്പും നൽകുമെന്ന്പ്രവാസി ദോഹ ഭാരവാഹികൾ അറിയിച്ചു.അത്ലറ്റിക്സിലും കായിക-ഫിറ്റ്നസ് മേഖലയിലുമായി 55 വർഷത്തിലേറെ നീളുന്ന ഒ.എൽ. തോമസിന്റെ സമാനതകളില്ലാത്ത അനുഭവസമ്പത്തിനെ ജൂറി പ്രത്യേകം പ്രകീർത്തിച്ചു. തുടക്കത്തിൽ ഫുട്ബോൾ മൈതാനങ്ങളിൽ മിന്നും ഫോമിൽ കളിക്കുകയും ടീമിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമാവുകയും ചെയ്തിട്ടും, ആ വിജയങ്ങളെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം തന്റെ യഥാർത്ഥ തട്ടകമായ അത്ലറ്റിക്സിലേക്ക് ചുവടുമാറ്റിയത്. ഈ ദൂരക്കാഴ്ചയാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പതാക ഉയർത്താനും അദ്ദേഹത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനും കാരണമായതെന്ന് ജൂറി വിലയിരുത്തി.
ആറാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 100 മീറ്റർ റിലേയിൽ വെങ്കല മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായഒ എൽ തോമസ് ടോക്കിയോയിൽ നടന്ന മത്സരത്തിൽ ഇതേ ഇനത്തിൽ ദേശീയ റെക്കോർഡോടെ വീണ്ടുമൊരു വെങ്കല മെഡൽ കൂടി സ്വന്തമാക്കി ഭാരതത്തിന്റെ കായിക ചരിത്രത്തിൽ ഇടംപിടിച്ചു.അവാർഡ് ജേതാവിന്റെ സൗകര്യമനുസരിച്ച് മലപ്പുറം തിരൂർ തുഞ്ചൻപറമ്പിൽ വച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പ്രവാസി ദോഹ ഭാരവാഹികളായ കെ.എസ്. വെങ്കിടാചലം, പുതുക്കുടി ബാലചന്ദ്രൻ, അനീസ് ബഷീർ, എ.വി.എം. ഉണ്ണി, എം.ടി. നിലമ്പൂർ, ആർ.കെ. റഷീദ്, ജലീൽ പി., റഫീഖ് മേച്ചേരി എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറയ്ക്കൽ






