
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ എട്ട് പേരിൽ അഞ്ച് പേർ പണം തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റി സെന്ററിലെ കഴിഞ്ഞ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അഞ്ച് ജീവനക്കാർ കാണിക്കയിൽ നിന്ന് നോട്ടുകെട്ടുകൾ രഹസ്യമായി മാറ്റി വസ്ത്രങ്ങൾക്കുള്ളിലും സോക്സിലും ഒളിപ്പിച്ചു കടത്തുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പണം എണ്ണുന്നതിനായി നിയോഗിക്കപ്പെട്ട ജീവനക്കാരാണ് ഈ തട്ടിപ്പിന് പിന്നിൽ. വിവാദങ്ങൾ കൊഴുക്കുന്നതിനിടയിലാണ് പ്രതികൾ അതീവ രഹസ്യമായി പണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്ഷേത്രത്തിലെ വിവിധ ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കുന്ന നോട്ടുകളും നാണയങ്ങളും എണ്ണുന്നതിനായി ട്രസ്റ്റ് ഏതാണ്ട് 50 ഓളം പേരെയാണ് നിയോഗിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
കാണിക്കപ്പണം മോഷ്ടിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ട പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പോലീസ് ഇതിനകം തന്നെ റെയ്ഡ് നടത്തുകയും പണം വീണ്ടെടുക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇതുവരെ ഏകദേശം 80 ലക്ഷത്തോളം രൂപയാണ് പോലീസ് കണ്ടെടുത്തത്.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പരാതിയിൽ ജൂൺ 25-നാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, അനുകൽപ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, രാം ശങ്കർ യാദവ് എന്ന ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവറാണ് ടിന്നു യാദവ്. മനീഷ് യാദവ് ടിന്നുവിന്റെ അനന്തരവനാണ്. അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ് എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്നാണ് പോലീസ് പണം കണ്ടെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.






