
നടൻ അർജുൻ ദാസ് പ്രധാനവേഷത്തിലെത്തിയ ചിത്രം 'കോൺ സിറ്റി' തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ തന്റെ ഉപദേശകനും സുഹൃത്തുമായ ലോകേഷ് കനകരാജ് ചിത്രം കണ്ട് അഭിനന്ദിച്ചതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് അർജുൻ ദാസ്. ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം എക്സിൽ കുറിച്ച വാക്കുകൾ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.
"എന്റെ സഹോദരനും ഉപദേശകനും കുടുംബവുമായ വ്യക്തിയെക്കൊണ്ട് ഞാൻ 'കോൺ സിറ്റി' സിനിമ കാണിച്ചു. അദ്ദേഹത്തിന് ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. കുടുംബപ്രേക്ഷകർ സിനിമ കാണാൻ തിയേറ്ററുകളിലേക്ക് എത്തുന്നുണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാറ്റിലും മികച്ചത്, ഞാൻ അദ്ദേഹത്തെ അഭിമാനിതനാക്കി എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ്. ഇതിലും വലുതായി എനിക്ക് മറ്റെന്താണ് ചോദിക്കാനുള്ളത്? എനിക്ക് ആദ്യത്തെ ബ്രേക്ക് തന്ന വ്യക്തിയിൽ നിന്ന് ഈ വാക്കുകൾ കേൾക്കാൻ സാധിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ വലുതാണ്. ഒരുപാട് നന്ദി മച്ചി, ഇത് നിങ്ങൾക്കുള്ളതാണ്, നിങ്ങളുള്ളതുകൊണ്ട് മാത്രമാണ്," അർജുൻ ദാസ് കുറിച്ചു.
Got my brother, my mentor, my family to watch #Concity ♥️
He loved it and said he’s so happy that family audiences are coming to theatres to watch my film. But the best part was hearing him say that I made him proud. What more could I possibly ask for? From being the man who gave… pic.twitter.com/EZnoN3bDyK— Arjun Das (@iam_arjundas) July 2, 2026
അതേസമയം അർജുൻ ദാസിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷക വിലയിരുത്തൽ. മലയാളി താരം അന്ന ബെന്നും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഹരീഷ് ദുരൈരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ യോഗി ബാബു, വടിവുക്കരശി, ഇമ്മാൻ അണ്ണാച്ചി, അഖിലൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






