
ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച നടനാണ് സംഗീത് പ്രതാപ്. ഒരു ഫിലിം എഡിറ്ററായി സിനിമയിലെത്തിയ സംഗീത് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്ത് എത്തുകയും പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യമാണ് തന്റെ പുതിയ ഇന്‍സ്റ്റഗ്രാം റീലിലൂടെ സംഗീത് പ്രതാപ് പങ്കിട്ടത്.
ഭാര്യയ്ക്കൊപ്പമുളള മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് താരം പങ്കുവച്ചത്. ഭാര്യയുടെ ബേബി ബമ്പിന്റെ ദൃശ്യങ്ങളും ആശുപത്രിയിലെ സ്കാനിംഗ് റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീലിന് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത് ' വാഴ 2' സിനിമയിലെ ' തമ്മില്‍ പിണങ്ങി പോവല്ലേ' എന്ന ഗാനമാണ്. വീഡിയോയുടെ അവസാനം കടലിന് മുകളിലേക്കു അസ്തമിക്കുന്ന സൂര്യനെ പശ്ചാത്തലമാക്കി '' We are going to need a bigger boat & a lot more coffee'' എന്ന വികാരനിര്‍ഭരമായ വാചകമാണ് സംഗീത് പങ്കുവച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ നടി മമിത ബൈജു, നസ്ലെന്, അഖില ഭാര്ഗവന്, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങളും ആരാധകരും ദമ്പതികള്‍ക്ക് ആശംസകളുമായി എത്തി.






