
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എല്ലാ സർവകലാശാലകളും നേരിട്ട് സന്ദർശിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് തീരുമാനിച്ചു. ഈ പരമ്പരയിലെ ആദ്യ സന്ദർശനം തിങ്കളാഴ്ച സാങ്കേതിക സർവകലാശാലയിലാണ്.
സർവകലാശാലകളുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തുകയും പ്രധാന വിവരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതിനാണ് സന്ദർശനമെന്നാണ് വിവരം. എന്നാൽ ഈ നീക്കം ചട്ടവിരുദ്ധമാണെന്ന വിമർശനവും ഉയരുന്നുണ്ട്. സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ സെക്രട്ടറിക്ക് അധികാരമില്ലെന്നാണ് ആക്ഷേപം.
പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി ബി. അശോക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. വകുപ്പിന് കീഴിലുള്ള ഒമ്പത് സർവകലാശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്.
സർവകലാശാലകളുമായി കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്താനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളുടെ ഭരണകാര്യങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടുന്നത് പതിവല്ലെന്ന ചൂണ്ടിക്കാട്ടി സെക്രട്ടറിയുടെ നടപടിയിൽ ഒരു വിഭാഗം വൈസ് ചാൻസലർമാർ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.






