
കൊച്ചി: ശബരിമല സന്നിധാനത്തെ മുറികളുടെയും അവ അനുവദിക്കുന്നതിന്റെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം. മുറികളുടെ എണ്ണം, മുറി അനുവദിക്കുന്നതിലെ നടപടിക്രമങ്ങള്‍, ചുമതലയുള്ള ഉദ്യോഗസ്ഥര്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് പത്തു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച 2025-ലെ ഉത്തരവുകള്‍ എങ്ങനെ നടപ്പാക്കിയെന്ന വിവരവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. പമ്പയില്‍ മദ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പമ്പയിലെ മരാമത്ത് കോംപ്ലക്സില്‍ താമസിച്ചിരുന്ന ദേവസ്വം ബോര്‍ഡിലെ ആംബുലന്‍സ് ൈഡ്രവര്‍ സജീഷ് കുമാറിന്റെ മുറിയിലാണ് 4.5 ലിറ്റര്‍ വിദേശമദ്യം കണ്ടെത്തിയത്. ഇതടക്കം ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര നിയമലംഘനങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. മിഥുന മാസ പൂജയുമായി ബന്ധപ്പെട്ട് പ്രത്യേക കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് മദ്യം കണ്ടെത്തിയ സംഭവമടക്കം പരാമര്‍ശിച്ചിട്ടുള്ളത്. ആംബുലന്‍സ് ൈഡ്രവര്‍ കൈവശം വച്ചിരുന്ന 25 മുറികള്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ വാടകയ്ക്കു നല്‍കിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും രേഖകളും ഹാജരാക്കാന്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്കു കോടതി നിര്‍ദേശം നല്കി.
ഒരാള്‍ ദീര്‍ഘകാലം ഒരിടത്തു തുടര്‍ന്നാല്‍ അഴിമതിക്കും അധികാര ദുരുപയോഗത്തിനും കാരണമാകുമെന്നു കോടതി നിരീക്ഷിച്ചു. സന്നിധാനത്ത് 15 വര്‍ഷം തുടര്‍ച്ചയായി ആംബുലന്‍സ് ൈഡ്രവര്‍ ജോലി ചെയ്തതും അനധികൃതമായി മുറികള്‍ വാടകയ്ക്കു നല്കിയതുംഉള്പ്പെടെയുള്ള കാര്യങ്ങളില്‍ ബോര്‍ഡിന്റെ വിശദീകരണം തേടി. പടിപൂജ നടത്താന്‍ ദിവസം നിശ്ചയിക്കുന്നതിലെ സുതാര്യത ഉറപ്പാക്കാന്‍ നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന്റെ കാരണം അറിയിക്കണം.
ഉത്തരവ് ലംഘിച്ച് ഭക്തരെ സന്നിധാനത്തേക്കും പമ്പയിലേക്കും ട്രാക്ടറുകളില്‍ കൊണ്ടുപോകുന്നത് ആവര്‍ത്തിച്ചാല്‍ അവയുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി.






