![[IMG]](https://images.mangalam.com/uploads/news/2026/07/853602/01.webp)
കുവൈത്ത് സിറ്റി: ഇന്ത്യന്‍ നഴ്സസ് ഫെഡറേഷന് ഓഫ് കുവൈത്ത് (ഇന്‍ഫോക്) സംഘടിപ്പിച്ച ചെസ് ടൂര്‍ണമെന്റ് 2026 ജൂലൈ 3ന് ആസ്പയര് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിജയകരമായി സമാപിച്ചു. ഇന്‍ഫോക് ചെസ്സ് ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ടൂര്‍ണമെന്റില്‍ സൂപ്പര്‍ സീനിയര്‍, സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി 200 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രൊഫഷണല്‍ താരങ്ങളുടെയും ചെസ് പ്രേമികളുടെയും സാന്നിധ്യം ടൂര്‍ണമെന്റിന്റെ മാറ്റുകൂട്ടി.
ഇന്ത്യ, കുവൈത്ത്, പോര്‍ച്ചുഗല്‍, ബംഗ്ലാദേശ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം ടൂര്‍ണമെന്റിന് അന്താരാഷ്ട്ര മികവ് നല്കി. ആറ് റൗണ്ടുകളിലായി നടന്ന മത്സരങ്ങള്‍ പുതുമുഖങ്ങള്‍ക്കും പരിചയസമ്പന്നരായ താരങ്ങള്‍ക്കും ഒരുപോലെ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാന്‍ മികച്ച വേദിയായി. മത്സരങ്ങളുടെ ഉയര്‍ന്ന നിലവാരവും കടുത്ത പോരാട്ടവീര്യവും കാണികള്‍ക്ക് മികച്ച കായികാനുഭവം സമ്മാനിച്ചു.
കൃത്യസമയത്ത് ആരംഭിച്ച് മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം പാലിച്ചാത് കളിക്കാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റി.
ഇന്‍ഫോക് പ്രസിഡണ്ട് വിജേഷ് വേലായുധന് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ അറബ് ചെസ് ഫെഡറേഷന്റെ വനിതാ കമ്മിറ്റി പ്രസിഡന്റും അന്താരാഷ്ട്ര സംഘാടകയും ഫിഡെ ആര്‍ബിറ്ററുമായ ബഷായര്‍ അല്‍സൈദ് മുഖ്യാതിഥിയായി പങ്കെടുത്തു.
അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന മത്സരങ്ങള്‍ അനിത രാജേന്ദ്രന് (ചീഫ് ആര്‍ബിറ്റര്‍), ജേക്കബ് ഉമ്മന്‍ (ഡെപ്യൂട്ടി ആര്‍ബിറ്റര്‍), ഷിജു ജേക്കബ് (ടൂര്‍ണമെന്റ് ഡയറക്ടര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രിച്ചത്. ആര്‍ബിറ്റര്‍മാരായ ഗിരീഷ് കെ. കെ., അനീഷ് പൗലോസ്, ജോസഫ് മുളയ്ക്കല്‍, ബിജു എ. മത്തായി, പ്രകാശ് ഗോഡ്വിന് പിന്റോ, ഫില്‍സണ്‍ മോദി, ശരണ്യ ത്രേഹാന്‍, ആദിത്യ പ്രകാശ് എന്നിവര്‍ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്കി.







