
അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകി കോടതി. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. വ്യാജ പരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്ന അൻസിബയുടെ പരാതിയിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്ന് കോടതി ഹിൽ പാലസ് പോലീസിനോട് നിർദേശിച്ചു.
ലക്ഷ്മിപ്രിയ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് അൻസിബയെ മുൻപ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ഈ പരാതി തികച്ചും വ്യാജമാണെന്നും, തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. നിയമവിരുദ്ധമായി തന്നെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും അൻസിബ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്റ്റേഷനിൽ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിപ്പിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്.ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നൽകിയിരിക്കുന്നത്. ഈ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. തുടർന്ന് തൃക്കാക്കര എ.എസ്.പി.യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. എന്നാൽ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.
നിലവിൽ കോടതി ഉത്തരവിട്ടതോടെ ഈ കേസിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ് നിർബന്ധിതരായിരിക്കുകയാണ്. ലക്ഷ്മിപ്രിയക്കും വനിതാ എസ്.ഐക്കുമെതിരായ ആരോപണങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും. നേരത്തേ അൻസിബയുടെ പരാതിയിൽ കോടതി നിർദേശത്തെത്തുടർന്ന് നടൻ ടിനി ടോമിനെതിരെ കേസെടുത്തിരുന്നു.






