കുവൈത്ത് ഔവര്‍ ലേഡി ഓഫ് അറേബ്യ മൈനര്‍ ബസിലിക്കയില്‍ ദുക്റാന തിരുനാള്‍ വിപുലമായി ആഘോഷിച്ചു
കുവൈത്ത് ഔവര്‍ ലേഡി ഓഫ് അറേബ്യ മൈനര്‍ ബസിലിക്കയില്‍ ദുക്റാന തിരുനാള്‍ വിപുലമായി ആഘോഷിച്ചു
Authored by Web Desk | Last updated: 05 Jul 2026, 1:41 PM | 1 min read
[IMG]
കുവൈത്ത്സിറ്റി: അഹമദ്ദിയിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ മൈനര്‍ ബസിലിക്കയില്‍ സീറോ മലബാര്‍ സഭാദിനവും വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളും ഭക്തിനിര്‍ഭരമായി കൊണ്ടാടി.
ജൂലൈ മൂന്നിന് പള്ളി അങ്കണത്തില്‍ 100 കുട്ടികളും 100 മുതിര്‍ന്നവരും പ്രസുദേന്തിമാരായി അണിനിരന്ന വര്‍ണാഭമായ ആഘോഷപ്രദക്ഷിണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നീ ശുശ്രൂഷകള്‍ നടന്നു.
പള്ളി അസി.വികാരി ഫാ. ജിജോ തോമസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഫാ. സോജന് പോള്‍ മുഖ്യകാര്‍മികനായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ.ജോയ് മാത്യു മുണ്ടക്കല്‍ കൊടിയേറ്റം കര്‍മ്മം നിര്‍വഹിച്ചു.പള്ളി വികാരി ഫാ. ഡാരല്‍ ഫെര്‍ണാണ്ടസ് പ്രസുദേന്തി വാഴ്ച നിര്‍വഹിക്കുകയും ഫാ. തോമസ് ലിജു വചനസന്ദേശം നല്‍കുകയും ചെയ്തു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞ്, ഊട്ടുനേര്‍ച്ച, പരമ്പരാഗതവും ഫ്യൂഷന്‍ ശൈലിയിലുള്ള സാംസ്കാരിക പരിപാടികളും നടന്നു.വിശ്വാസികളുടെ വലിയ പങ്കാളിത്തം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
സീറോ മലബാര്‍ സഭയുടെ പൈതൃകവും വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസസാക്ഷ്യവും അനുസ്മരിച്ചുകൊണ്ടുള്ള ആഘോഷം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വും കൂട്ടായ്മയുടെ അനുഭവവും പകരുന്നതായിരുന്നു.