
ബോളിവുഡ് നടന് ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രട്ടും വിവാഹിതരായി. ആമിര്‍ ഖാന്റെ മൂന്നാം വിവാഹമാണിത്. മുംബൈ ബാന്ദ്രയിലുളള ആമിര്‍ ഖാന്റെ വസതിയിലായിരുന്നു വിവാഹ രജിസ്ട്രേഷന്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ 150 ഓളം പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
61 കാരനായ ആമിറും 47 കാരിയായ ഗൗരിയും ഉച്ചയ്ക്ക് 12:45 ന് വിവാഹരേഖകളില്‍ ഒപ്പുവെച്ചു. ഇതിന് സാക്ഷിയായി ആമിറിന്റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ഇറയും, ജുനൈദും, ആസാദും ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകനും കൂടെയുണ്ടായിരുന്നു.
തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിര്‍ ഖാന് പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വര്‍ഷമായി പരിചയമുണ്ടെന്നും ഇപ്പോള്‍ ഒന്നര വര്‍ഷമായി പ്രണയത്തിലാണെന്നും ആമിര്‍ പറഞ്ഞു. ഗൗരിയും ആമിര്‍ ഖാനും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്.
ഇതോടെ തന്റെ അറുപതാം ജന്മദിനത്തില് ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ ഗൗരി ഫാഷന്‍, ബ്യൂട്ടി , വെല്‍നസ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
റീന ദത്തയായിരുന്നു ആമിറിന്റെ ആദ്യഭാര്യ. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമിര്‍ പരിചയപ്പെടുന്നത്. 2005-ല്‍ ഇവര്‍ വിവാഹിതരായി. ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ ആമിറും കിരണും വേര്‍പിരിഞ്ഞു.






