
കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് താരം ഡോ. റോബിന് രാധാകൃഷ്ണന്റെ അമ്മ ബീനയുടെ വിയോഗം. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായിരുന്നു ബീന രാധാകൃഷ്ണന്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു ബീന മരണപ്പെട്ടത്. അമ്മയുടെ വിയോഗ വാര്‍ത്ത റോബിന് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്.
അമ്മയെക്കുറിച്ച് പലപ്പോഴും വാചാലനാകാറുള്ള റോബിൻ, ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അമ്മയുടെ കൈപിടിച്ച് സന്തോഷത്തോടെ നില്ക്കുന്ന കുഞ്ഞു റോബിനെ ചിത്രത്തില്‍ കാണാം. 'ലവ് യു അമ്മ' എന്നാണ് ചിത്രത്തോടൊപ്പം റോബിന് കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ റോബിന് ആശ്വാസ വാക്കുകളുമായി എത്തുന്നത്.
2026 മാര്‍ച്ചിലായിരുന്നു ബീനയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ആശുപത്രി സന്ദര്‍ശനവും ചികിത്സയുമൊക്കെയായി അസുഖത്തെ നേരിടുകയായിരുന്നു അവര്‍. വളരെ പോസിറ്റീവായാണ് അമ്മ ഓരോന്നിനെയും നേരിട്ടതെന്ന് റോബിന് നേരത്തെ പറഞ്ഞിരുന്നു.






