
കഴിഞ്ഞ ജൂൺ 25-നായിരുന്നു നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അവന്തികയുടെ വിവാഹം. ഗോവയിൽ വെച്ച് നടന്ന ചടങ്ങിൽ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമാലോകത്തെ മുൻനിര താരങ്ങൾ പങ്കെടുത്തു. മർച്ചന്റ് നേവി ഓഫീസറായ ശ്രാവൺ ശ്രീനിവാസനാണ് അവന്തികയുടെ വരൻ.
അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം മകളുടെ വിവാഹം ആഘോഷമാക്കിയതിന്റെ സന്തോഷത്തിലാണ് ഖുശ്ബു. വിവാഹച്ചിത്രങ്ങളും മനോഹരമായ നിമിഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കുന്നുണ്ട്. അതിനിടെ, നടി തൃഷയ്ക്കൊപ്പമുള്ള ഖുശ്ബുവിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
തൃഷയെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്ന ചിത്രം 'അഴകി' എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു പങ്കുവെച്ചത്. തൃഷയും ഈ ചിത്രം റീഷെയർ ചെയ്തിട്ടുണ്ട്. നിരവധിപ്പേർ ഇരുവരുടെയും സൗന്ദര്യത്തെയും സൗഹൃദത്തെയും പ്രശംസിച്ച് രംഗത്തെത്തിയെങ്കിലും, ചിത്രത്തിന് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
നടൻ രവി മോഹനും ആർതിയും വേർപിരിഞ്ഞപ്പോൾ അതിൽ ശക്തമായി ഇടപെട്ട വ്യക്തിയാണ് ഖുശ്ബു. ഗായിക കെനിഷ ഫ്രാൻസിസ് കാരണം ഒരു കുടുംബം തകർന്നുവെന്നും മക്കളുടെ സന്തോഷം നഷ്ടപ്പെട്ടുവെന്നുമായിരുന്നു അന്ന് ഖുശ്ബുവിന്റെ വാദം. എന്നാൽ തൃഷയുടെ കാര്യത്തിൽ ഖുശ്ബുവിന് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.
വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള ദാമ്പത്യം തകരാൻ കാരണം തൃഷയാണെന്നും, സന്തോഷകരമായ ആ കുടുംബജീവിതത്തിലേക്ക് തൃഷ ഇടപെട്ടെന്നുമാണ് ഒരു വിഭാഗം ആളുകൾ ഉന്നയിക്കുന്ന ആരോപണം. അങ്ങനെയുള്ള തൃഷയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും ആ ബന്ധത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഖുശ്ബുവിന്, കെനിഷ ഫ്രാൻസിസിനെ വിമർശിക്കാൻ എന്താണ് യോഗ്യത എന്നാണ് കമന്റുകളിലൂടെ ആളുകൾ ചോദിക്കുന്നത്.






