
ദോഹ: യു.എൻ, യൂറോപ്യൻ യൂണിയൻ യോഗങ്ങൾക്ക് മുന്നോടിയായുള്ള ആറു ദിവസത്തെ സുപ്രധാന പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.ഇറാൻ-യു.എസ് തർക്കങ്ങളെത്തുടർന്ന് ആഗോള ഊർജ്ജമേഖലയിലുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയിലേക്കുള്ള എണ്ണ, വാതക വിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം. ജൂലൈ 5 മുതൽ 10 വരെ നീണ്ടുനിൽക്കുന്ന വിദേശയാത്രയിൽ ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ എന്നീ നാല് പശ്ചിമേഷ്യൻ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തും. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനൊപ്പം ഈ രാജ്യങ്ങളിലെ വലിയ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും ചർച്ചകളിൽ പ്രധാന വിഷയമാണ്.
ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച് സാമ്പത്തിക മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. പ്രാദേശികമായുണ്ടായ പുതിയ സംഭവവികാസങ്ങൾ, അവ ആഗോള സമ്പദ്വ്യവസ്ഥയിലും ഊർജ്ജ വിപണിയിലും ചെലുത്തുന്ന സ്വാധീനം എന്നിവയ്ക്ക് പുറമെ പൊതുവായ താൽപ്പര്യമുള്ള മറ്റ് നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
തർക്കങ്ങളും സംഘർഷങ്ങളും ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇത് പ്രാദേശികവും അന്തർദ്ദേശീയവുമായ തലങ്ങളിൽ സുരക്ഷിതത്വവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുമെന്നും നേതാക്കൾ വിലയിരുത്തി. ഇരുരാജ്യങ്ങളുടെയും സംയുക്ത വർക്കിംഗ് മെക്കാനിസങ്ങളും ഉഭയകക്ഷി കമ്മിറ്റികളും കൂടുതൽ സജീവമാക്കിക്കൊണ്ട്, ഖത്തറിനും ഇന്ത്യയ്ക്കും മുൻഗണനയുള്ള വിവിധ വിഷയങ്ങളിൽ സഹകരണം തുടരാൻ ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.
പശ്ചിമേഷ്യൻ പര്യടനത്തിന് ശേഷം നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള യു.എൻ, യൂറോപ്യൻ യൂണിയൻ യോഗങ്ങളിൽ പങ്കെടുക്കാൻ മന്ത്രി ജയശങ്കർ അമേരിക്കയും ബെൽജിയവും സന്ദർശിക്കും.
ഷഫീക്ക് അറയ്ക്കൽ






