
കോറോ ഹെൽത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടച്ച് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളുടെ മറവിലാണ് കമ്പനി കൂട്ടപ്പിരിച്ചുവിടൽ നടത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കേരളത്തിൽ പുതിയ ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരമാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയുള്ള കൂട്ടപ്പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും കമ്പനി നിയമം ലംഘിക്കാൻ തയ്യാറായത് സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും നിസ്സംഗ സമീപനം മൂലമാണെന്നും അദ്ദേഹം വിമർശിച്ചു.
ലേബർ കോഡുകൾ തൊഴിലാളികളെ മുൻകൂർ നോട്ടീസോ അർഹമായ നഷ്ടപരിഹാരമോ ഇല്ലാതെ പിരിച്ചുവിടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്നും, ഐടി അനുബന്ധ മേഖലകളിലെ തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.പിരിച്ചുവിട്ട മുഴുവൻ ജീവനക്കാരെയും ഉടൻ തിരിച്ചെടുക്കാനും അതുവരെ അവരുടെ വേതനം ഉറപ്പാക്കാനും സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും അറിയിച്ചു. തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്ന പോരാട്ടങ്ങളിൽ പ്രതിപക്ഷം മുൻനിരയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.






