
കന്നഡ സൂപ്പര്‍ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ടോക്സിക്'. ഓഗസ്റ്റ് 26ന് ചിത്രം തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടി ഹുമ ഖുറേഷി പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.
'മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകൾ കേൾക്കാറില്ല. എന്നാൽ യഷ് ആ കീഴ്വഴക്കം മാറ്റിമറിച്ചു. ഗീതു മോഹൻദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പർതാരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത് കൊമേഴ്സ്യൽ സിനിമാരംഗത്ത് അധികം നടക്കാത്തതാണ്. ഇരുവരും തമ്മിൽ ജോലിയിലുള്ള സഹകരണം മാതൃകയാക്കാവുന്നതാണ്. ഗംഭീരമായാണ് ചിത്രം എടുത്തിരിക്കുന്നത്. ഇതുപോലൊരു ചിത്രം ഇന്ത്യയിൽ ഇതുവരെ ആരും കണ്ടിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ചിത്രത്തിലെ പ്രധാന നടിനടന്മാരെല്ലാം അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഗീതു മോഹൻദാസിന്റെ മുൻചിത്രങ്ങളെല്ലാം അതിമനോഹരങ്ങളാണ്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സംവിധായികയ്ക്കൊപ്പം പ്രവർത്തിക്കുമ്പോൾ ഞാൻ ഏറെ ആവേശത്തിലായിരുന്നു', ഹുമ ഖുറേഷിയുടെ വാക്കുകൾ.
' കെജിഎഫി' ന് ശേഷം യഷ് നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത, താര സുതാരിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സുമാണ് ചിത്രം നിര്‍മിക്കുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ടോക്സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും.






