
ഏതുപ്രായത്തില്‍ ഉള്ളവരില്‍ മിക്കവര്‍ക്കും ഏറെപ്രിയമുള്ള സാധനമാണ് ചോക്ലേറ്റ്. ചോക്ലേറ്റ് കേക്, ചോക്ലേറ്റ് ഐസ്ക്രീം, ഹോട്ട് ചോക്ലേറ്റ്, ഡെത്ത് ബൈ ചോക്ലേറ്റ്, ചോക്ലേറ്റ് ഫ്ലേവേര്‍ഡ് ഡ്രിങ്ക്സ്, ചോക്ലേറ്റ് ചായ, ചോക്ലേറ്റ് ആര്‍ട്ട് തുടങ്ങി ചോക്ലേറ്റിന്റെ വിവിധ രൂപങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ചോക്ലേറ്റിന്റെ 4,000 വര്‍ഷത്തെ ചരിത്രത്തില്‍ ഏതാണ്ട് 90% കാലഘട്ടത്തിലും അത് മതം രാഷ്ട്രീയം എന്നിവയുമായി കൂട്ടിക്കലര്‍ത്തി തികച്ചും കൈപ്പേറിയതും എരിവുള്ളതുമായ ഒരു പാനീയമായിരുന്നു എന്നറിയാമോ?
ജൂലൈ 7 ലോകം ചോക്ലേറ്റ്ദിനമായി ആചരിക്കുമ്പോള്‍ ചരിത്രത്തില്‍ ചോക്ലേറ്റ് ഉണ്ടാക്കിയ വിചിത്രവും വിസ്മയവുമായ കാര്യങ്ങള്‍ അനേകമാണ്. ഒരു കാലത്ത് ചോക്ലേറ്റ് പണത്തിന് പകരമായി പോലും ഉപയോഗിച്ചിരുന്നു. മായന്മാരും ആസ്ടെക്കുകളും കൊക്കോ വിത്തുകള്‍ കറന്‍സിയായി ഉപയോഗിച്ചിരുന്നതായി ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. കള്ളനോട്ട് ഇറക്കുന്നത് പോലെ വ്യാജ കൊക്കോകളുടെ തട്ടിപ്പും നടന്നിരുന്നു.
10 കൊക്കോ വിത്തുകള്‍ നല്കിയാല് ഒരു മുയലിനെയും, 100 വിത്തുകള്‍ക്ക് ഒരു നല്ല അടിമയെയും, കൂടാതെ 6 മുതല്‍ 10 വരെ വിത്തുകള്‍ക്ക് ഒരു ലൈംഗികത്തൊഴിലാളിയുടെ സേവനവും വാങ്ങാമായിരുന്നു. കൊക്കോ തോട്ടം ഉണ്ടാക്കുന്നത് പണം കായ്ക്കുന്ന മരങ്ങള്‍ പോലെ ആയിരുന്നതിനാല്‍ അക്കാലത്തെ പ്രഭുക്കന്മാരും ഭരണാധികാരികളും കൊക്കോ വളര്‍ത്തലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കൊക്കോ വിത്തുകള്‍ കറന്‍സി ആയിരുന്നതുകൊണ്ട് തന്നെ വിത്തുകളുടെ വ്യാജനും പ്രചരിച്ചിരുന്നു. തട്ടിപ്പുകാര്‍ കൊക്കോ വിത്തുകളുടെ തൊണ്ടുകള്‍ ഉള്ളില്‍ നിന്നും മാറ്റി, അതില്‍ മണ്ണോ മെഴുകോ നിറയ്ക്കും. എന്നിട്ട് ഇവ യഥാര്‍ത്ഥ കൊക്കോ വിത്തുകളുടെ കൂട്ടത്തില്‍ കലര്‍ത്തി വിപണിയിലെ വ്യാപാരികളെ പറ്റിക്കാന്‍ ഉപയോഗിച്ചിരുന്നത്രേ.
മനുഷ്യരുമായി ഇടപെട്ടതിന്റെ പേരില്‍ നാടുകടത്തപ്പെട്ട 'ക്വെറ്റ്സാല്കോറ്റ്ല്' എന്ന ദേവന്റെ സമ്മാനമാണ് കൊക്കോ എന്നാണ് ആസ്ടെക്കുകള്‍ വിശ്വസിച്ചിരുന്നത്. ഈ ചോക്ലേറ്റ് പാനീയം കറുത്ത നിറത്തിലും പതഞ്ഞുമാണ് ഇരുന്നിരുന്നത് എന്നതുകൊണ്ട്, അവര്‍ ഇതിനെ മനുഷ്യരക്തവുമായി അവര്‍ ശക്തമായി ബന്ധപ്പെടുത്തിയിരുന്നു. ചില പവിത്രമായ ആചാരങ്ങളില്‍, പുരോഹിതന്മാര് ബലി നല്കുന്ന സമയത്ത് ശേഖരിക്കുന്ന യഥാര്‍ത്ഥ മനുഷ്യരക്തം ചോക്ലേറ്റില്‍ കലര്‍ത്തിയിരുന്നു.
ആസ്ടെക് യോദ്ധാക്കള്‍ക്ക് യുദ്ധത്തിന് പോകുന്നതിന് മുമ്പ് ശക്തിയും ധൈര്യവും ലഭിക്കാന്‍ ചോക്ലേറ്റ് റേഷന്‍ ആയി നല്കാറുണ്ടായിരുന്നു. 1500-കളില്‍ ചോക്ലേറ്റ് ആദ്യമായി യൂറോപ്പില്‍ എത്തിയപ്പോള്‍ അതൊരു മധുരപലഹാരമായിട്ടല്ല കണക്കാക്കിയിരുന്നത്. യൂറോപ്യന്‍ ഡോക്ടര്‍മാര്‍ ശരീരഭാരം കുറയല്‍, പനി, ദഹനക്കേട്, ക്ഷീണം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള ഒരു മരുന്നായിട്ടാണ് ഇത് നിര്‍ദ്ദേശിച്ചിരുന്നത്. ലൈംഗിക ഉത്തേജനത്തിനായും അസ്ടെക് രാജാക്കന്മാര് ചോക്ളേറ്റ് ഉപയോഗിച്ചിരുന്നു.
ആസ്ടെക് ചക്രവര്‍ത്തിയായിരുന്ന മോണ്ടെസുമ രണ്ടാമന് അന്തഃപുരം സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പ്, ലൈംഗികശേഷി ഉയര്‍ത്തുന്നതിനായി ദിവസവും 50 സ്വര്‍ണ്ണപ്പാത്രങ്ങളില്‍ വരെ ചോക്ലേറ്റ് കുടിച്ചിരുന്നു. 16, 17 നൂറ്റാണ്ടുകളില്‍ ഭക്ഷണം കഴിക്കാതെയുള്ള ഉപവാസങ്ങള്‍ ക്രൈസ്തവസഭ നടത്തിയിരുന്നു. ഉപവാസ കാലത്ത് ചോക്ലേറ്റ് കുടിക്കുന്നത് മതപരമായ ഉപവാസത്തെ ലംഘനമായി കണക്കാക്കപ്പെട്ടു. ഒടുവില്‍ ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പയ്ക്ക് ദ്രാവക രൂപത്തിലുള്ളവ ഉപവാസത്തെ ലംഘിക്കുന്നില്ല എന്ന പ്രഖ്യാപനം തന്നെ നടത്തേണ്ടി വന്നു. ചോക്ലേറ്റ് ഒരു പാനീയമാണ് എന്നത് കണക്കാക്കിയായിരുന്നു നിയമം. ഉപവാസ സമയത്തും വിശ്വാസികള്‍ക്ക് കുടിക്കാന്‍ അനുവാദം കിട്ടിയത് യൂറോപ്പില്‍ ചോക്ലേറ്റിന്റെ ജനപ്രീതി കൂട്ടി.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആള്ക്കാര് ചോക്ലേറ്റ് കുടിക്കുകയായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ കാലത്താണ് ഖരരൂപത്തിലേക്കും ചവയ്ക്കുന്ന രൂപത്തിലേക്കും ചോക്ളേറ്റ് മാറിയത്. 1828 ല്‍ കോന്റാഡ് വാന്‍ ഹൗട്ടന് 'കൊക്കോ പ്രസ്സ്' കണ്ടുപിടിച്ചതോടെ കൊക്കോ വിത്തില്‍ നിന്ന് കൊക്കോ ബട്ടര്‍ വേര്‍തിരിക്കുകയും കൊക്കോ പൗഡര്‍ ബാക്കി വെക്കുകയും ചെയ്തു.
1847 ല്‍ ബ്രിട്ടീഷ് കമ്പനിയായ ജെ.എസ്. ഫ്രൈ ആന്‍ഡ് സണ്‍സ് കൊക്കോ പൗഡര്‍ വേര്‍തിരിച്ച് പഞ്ചസാരയും ഉരുകിയ കൊക്കോ ബട്ടറും ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്താല്‍ അച്ചുകളിലേക്ക് മാറ്റാന്‍ പാകത്തിലുള്ള ഒരു പേസ്റ്റ് ഉണ്ടാക്കാമെന്ന് കണ്ടെത്തി. കഴിക്കാന്‍ പാകത്തിലുള്ള കട്ടിയുള്ള ചോക്ലേറ്റ് ബാര്‍ ലോകത്ത് ആദ്യമായി ജന്മമെടുത്തത് അങ്ങിനെയാണ്.






