
പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് (Toyota Innova Hycross) എംപിവി സ്വന്തമാക്കി തമിഴ്നാടിന്റെയും മലയാളികളുടെയും പ്രിയപ്പെട്ട താരം പ്രഭു. ചെന്നൈയിലെ പ്രമുഖ ടൊയോട്ട ഡീലര്‍ഷിപ്പായ 'ലാന്‍സണ്‍ ടൊയോട്ട' വഴിയാണ് താരം ഈ പുത്തന്‍ പ്രീമിയം വാഹനം സ്വന്തമാക്കിയത്. താരം പുതിയ കാര്‍ ഡെലിവറി എടുക്കുന്നതിന്റെ പ്രത്യേക വീഡിയോ ലാന്‍സണ്‍ ടൊയോട്ട തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
'സൂപ്പര്‍ വൈറ്റ്' (Super White) എന്ന് ടൊയോട്ട ഔദ്യോഗികമായി വിളിക്കുന്ന വെള്ള നിറത്തിലുള്ള കാറാണ് അദ്ദേഹം തെരഞ്ഞെടുത്തത്. സെലിബ്രിറ്റികള്‍ക്കും വിഐപികള്ക്കുമിടയില് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള നിറമാണ് ഇത്. സൂപ്പര്‍ വൈറ്റ് കൂടാതെ ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, അവാന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് തുടങ്ങി വൈവിധ്യമാര്‍ന്ന കളര്‍ ഓപ്ഷനുകളിലും ഈ പ്രീമിയം എംപിവി നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. പ്രഭു വാങ്ങിയ മോഡല്‍ ഏത് പ്രത്യേക വേരിയന്റാണെന്നോ എഞ്ചിന് ഓപ്ഷനാണെന്നോ ഡീലര്‍ഷിപ്പ് വെളിപ്പെടുത്തിയിട്ടില്ല.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ G, GX, GX ഓപ്ഷണല്‍, VX, VX ഓപ്ഷണല്‍, ZX, ZX ഓപ്ഷണല്‍ എന്നിങ്ങനെ ഏഴ് വ്യത്യസ്ത വേരിയന്റുകളിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണനം ചെയ്യുന്നത്. 7-സീറ്റര്‍, 8-സീറ്റര്‍ ഓപ്ഷനുകളില്‍ ഈ പ്രീമിയം എംപിവി വാങ്ങാന്‍ സാധിക്കും. സാങ്കേതികമായി നോക്കിയാല്‍, ഹൈക്രോസിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ മികച്ച ഇന്ധനക്ഷമത നല്കുന്ന 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട നല്‍കുന്നത്. ഏകദേശം 184 bhp പവറും 206 Nm പീക്ക് ടോര്‍ക്കും നല്കാന് ശേഷിയുള്ള ഈ എഞ്ചിന് ഇസിവിടി ട്രാന്‍സ്മിഷനുമായി വരുന്നു. ലിറ്ററിന് 23.24 കിലോമീറ്ററാണ് ഹൈക്രോസിന്റെ ക്ലെയിംഡ് മൈലേജ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ടൊയോട്ട സേഫ്റ്റി സെന്‍സ് (ADAS) എന്ന നൂതന സാങ്കേതികവിദ്യ ഹൈക്രോസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






