
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കാൽനൂറ്റാണ്ടായി സജീവ സാന്നിധ്യമായി നിലകൊള്ളുന്ന തൃശൂർ ജില്ലാ സൗഹൃദവേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമുചിതമായ തുടക്കം. ഒരുമയുടെ രജതരേഖ തീർത്ത്, ജാതി-മത-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി പ്രവാസ ലോകത്തെ തൃശൂർക്കാരുടെ ഈ കൂട്ടായ്മ, ദോഹയിലെl പ്രമുഖ ആരോഗ്യ സേവനദാതാക്കളായ നസീം സർജിക്കൽ & മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. സി-റിങ് റോഡിലുള്ള നസീം മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ അഞ്ഞൂറിലധികം വേദി അംഗങ്ങൾ പങ്കെടുത്തു. വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.ക്യാമ്പിനോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ചടങ്ങ് ഐ.സി.ബി.എഫ് (ICBF) പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി ചെയർമാൻ വി. എസ്. നാരായണൻ, ഐ.സി.സി (ICC) ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, വേദി ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഖത്തറിലെ ഒരു പ്രാദേശിക സംഘടനയ്ക്കായി ഇത്രയും വലിയ ജനപങ്കാളിത്തത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ നസീംമെഡിക്കൽ സെന്റർ ജനറൽ മാനേജർ ബാബു ഷാനവാസ്, മാർക്കറ്റിങ് ഹെഡ് സന്ദീപ് എന്നിവർ സന്തോഷം പ്രകടിപ്പിച്ചു. സിൽവർ ജൂബിലി വർഷത്തിൽ തൃശൂർ ജില്ലാ സൗഹൃദവേദി അംഗങ്ങൾക്കായി പ്രത്യേക ഇളവുകളോടെയുള്ള വിവിധ ചികിത്സാp പാക്കേജുകളും ചടങ്ങിൽ അവർ പ്രഖ്യാപിച്ചു.
ക്യാമ്പ് വിജയകരമാക്കാൻ നൽകിയ മികച്ച പിന്തുണയ്ക്ക് നന്ദി സൂചകമായി നസീം മെഡിക്കൽ സെന്റർ ജനറൽ മാനേജർക്ക് വേദിയുടെ ഉപഹാരം പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് സമ്മാനിച്ചു. ചടങ്ങിൽ വേദിയുടെ ട്രഷറർ തോമസ്, നസീം മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ സാക്കിർ റിസൽദാർ, സിൽവർ ജൂബിലി കോർഡിനേറ്റർമാരായ അബ്ദുൾ ജബ്ബാർ, ശ്രീനിവാസൻ, വനിതാ കോർഡിനേറ്റർ റജീന സലിം, വനിതാ കൂട്ടായ്മ ചെയർപേഴ്സൺ രേഖ പ്രമോദ് എന്നിവർ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, വിവിധ സെക്ടർചെയർമാൻമാർ, സെക്ടർ കമ്മിറ്റി അംഗങ്ങൾ, ക്യാമ്പ് സെക്ടർ കോർഡിനേറ്റർമാരായ ബദറുദ്ദീൻ, ഷക്കീർ ഹുസൈൻ എന്നിവരും ക്യാമ്പ് നിയന്ത്രിച്ച വേദി ഒഫീഷ്യൽസും അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിന്റെ ഭാഗമായി. വേദി സെക്രട്ടറി ആർ.കെ. റാഫി ചടങ്ങുകൾ നിയന്ത്രിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതവും ക്യാമ്പ്കോർഡിനേറ്റർ സുധൻ പ്രിൻസ് സദസ്സിന് നന്ദിയും പറഞ്ഞു.
അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ഏറെ പ്രയോജനപ്രദവും ശ്രദ്ധേയവുമായി മാറിയ മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച നസീം സർജിക്കൽ & മെഡിക്കൽ സെന്റർ അധികൃതർക്കും, സന്നദ്ധ പ്രവർത്തകർക്കും പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും തൃശൂർ ജില്ലാ സൗഹൃദവേദി കമ്മിറ്റി ഹൃദയംഗമമായ നന്ദി അറിയിച്ചു. സിൽവർ ജൂബിലി വർഷത്തോടനുബന്ധിച്ച് വരും മാസങ്ങളിൽ കൂടുതൽ വിപുലമായ ജനക്ഷേമ പരിപാടികളാണ് സംഘടന വിഭാവനം ചെയ്യുന്നത്.
ഷഫീക്ക് അറയ്ക്കൽ






