
ദോഹ: അറനിറഞ്ഞ ഭാവനയുടേയും തീവ്രമായ ജീവിതാനുഭവങ്ങളുടേയും കരുത്തിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൂതനങ്ങളായ പ്രയോഗങ്ങൾ സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീർ, പകരം വെക്കാനില്ലാത്ത സുൽത്താനാണെന്ന് ദോഹയിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണ ചടങ്ങ് വിലയിരുത്തി. ഖത്തറിലെ പ്രമുഖ മീഡിയാ ഹൗസായ 'മീഡിയ പ്ലസ്' ആണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്കാരങ്ങളിലൂടെ ബഷീർ ഇന്നും നമുക്ക് ചുറ്റുംജീവിക്കുകയാണെന്നും, അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഇന്നും സമൂഹത്തിൽ സജീവമായി നിലകൊള്ളുന്നുവെന്നതുമാണ് ബഷീറിയൻ സാഹിത്യത്തിന്റെ സമകാലിക പ്രസക്തിയെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.മലയാള സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും സരസനും ജനകീയനുമായ എഴുത്തുകാരനാണ് ബഷീറെന്ന് ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു പറഞ്ഞു.
"ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച വ്യക്തിത്വമായിരുന്നു ബഷീറിന്റേത്. അദ്ദേഹത്തിന്റെ 'ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്ന്' എന്ന ആശയം ചിന്തയുടേയും ഭാവനയുടേയും നൂതനാവിഷ്കാരമാണ്. സ്വന്തം ജീവിതത്തിൽ കണ്ടും അനുഭവിച്ചറിഞ്ഞതുമായ കഥാപാത്രങ്ങളെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചാണ് ബഷീർ ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയത്." - ഡോ. കെ.സി. സാബു കൊട്ടാരങ്ങളിൽ മാത്രം വാണിരുന്ന മലയാള സാഹിത്യത്തെ സാധാരണക്കാരിലേക്കും തെരുവുകളിലേക്കും ഇറക്കിക്കൊണ്ടുവന്ന വിപ്ലവകാരിയാണ് ബഷീറെന്ന് ഫ്രണ്ട്സ് കൾച്ചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി ചൂണ്ടിക്കാട്ടി.
സന്തോഷത്തിന്റെയും സംതൃപ്തിയുടേയും പുതിയൊരു രസതന്ത്രമാണ് ബഷീറിയൻ കൃതികളെ സവിശേഷമാക്കുന്നത്. മനുഷ്യരോടും പ്രകൃതിയോടുമുള്ള നിരുപാധിക സ്നേഹത്തിന്റെ ഉജ്ജ്വല മാതൃകകളാണ് അദ്ദേഹത്തിന്റെ ഓരോ രചനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രമുഖ സാംസ്കാരിക-സാഹിത്യ പ്രവർത്തകരായ കലാപ്രേമി മാഹീൻ, ജയശ്രീ സുരേഷ്, മജീദ് നാദാപുരം, ഷഫീർ വാടാനപ്പള്ളി, ഗോപകുമാർ തിരുവല്ല, റാഫി പാറക്കാട്ടിൽ, ഷാനു മേലാറ്റൂർ, നസീഹ മജീദ്, റഊഫ് മലയിൽ, സുജിത് ചേരൂർ എന്നിവർ ബഷീർ കൃതികളെ മുൻനിർത്തി അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടിയുടെ ചർച്ചകൾ നിയന്ത്രിച്ചു. ദോഹയിലെ പ്രവാസി മലയാളി കൂട്ടായ്മകളിലെ നിരവധി സാഹിത്യപ്രേമികൾ ചടങ്ങിൽ സംബന്ധിച്ചു.
ഷഫീക്ക് അറയ്ക്കൽ






