
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ കരൂർ സന്ദർശനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഡിഎംകെയുടെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. മുഖ്യമന്ത്രിയുടെ സന്ദർശനം കോടതി നിയന്ത്രിക്കണമോയെന്ന് ചോദിച്ച കോടതി, രാഷ്ട്രീയ പോരാട്ടത്തിനായി നീതിപീഠത്തെ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആദവ് അർജുന, മറ്റ് പ്രതികൾ എന്നിവർ പരസ്യപ്രസ്താവനകൾ നടത്തുന്നത് തടയണമെന്നും, അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇരകളുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചകൾ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡിഎംകെ ഹർജി നൽകിയത്.
ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, ജസ്റ്റിസ് അലോക് ആരാധ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചതോടെ ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു.
ഹർജിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയ എതിരാളികൾക്കെതിരായ നീക്കങ്ങൾക്ക് സുപ്രീം കോടതിയെ വേദിയാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണം നടക്കുന്ന വിഷയത്തിൽ ഒരു രാഷ്ട്രീയ എതിരാളിയുടെ പ്രസ്താവനകൾ നിയന്ത്രിക്കാൻ സുപ്രീം കോടതിക്ക് എങ്ങനെ ഉത്തരവിടാനാകുമെന്നും ബെഞ്ച് ചോദിച്ചു.
ജൂലൈ 10നാണ് വിജയ് കരൂർ സന്ദർശനം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.






